ബ്രിട്ടനില്‍ റിഫോം യുകെയ്ക്ക് അനുകൂലമായ നിലപാട് വര്‍ദ്ധിച്ച് വരികയാണ്. സ്വദേശികളായ ജനങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയെ പിന്തുണച്ച് തുടങ്ങിയിരിക്കുന്നു. കാരണം വളരെ വ്യക്തമാണ്. പരമ്പരാഗത പാര്‍ട്ടികള്‍ സ്വീകരിച്ച് പോന്നിരുന്ന കാരുണ്യത്തിന്റെ നയം നാട്ടുകാരെ വട്ടംചുറ്റിയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ നയങ്ങള്‍ പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിക്കുന്ന ഫരാഗ് അവര്‍ക്ക് പ്രിയപ്പെട്ടതായി മാറുകയും ചെയ്യുന്നു.
ഇപ്പോള്‍ രാജ്യത്തെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നാണ് ഫരാഗിന്റെ പ്രഖ്യാപനം. എല്ലാ കുറ്റകൃത്യങ്ങളിലും പോലീസ് അന്വേഷണം ആവശ്യമായി വരുന്ന തരത്തിലേക്ക് നടപടിക്രമങ്ങള്‍ മാറ്റുമെന്നാണ് ലേബറിനുള്ള പണിയായി റിഫോം നേതാവ് വ്യക്തമാക്കുന്നത്. കൂടാതെ ഗുരുതര കുറ്റവാളികളെ കൂടുതല്‍ വര്‍ഷം ജയിലുകളില്‍ പാര്‍പ്പിക്കാനും വഴിയൊരുക്കും.
ബ്രിട്ടന്റെ കുറ്റകൃത്യ നിരക്ക് പകുതിയായി കുറയ്ക്കാന്‍ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് ഫരാഗ് പ്രഖ്യാപിക്കുന്നു. കുറ്റവാളികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് തന്റെ പ്രഖ്യാപനമെന്ന് ഫരാഗ് വ്യക്തമാക്കി. റിഫോം അടുത്ത തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ബ്രിട്ടന്റെ മൃദു ജസ്റ്റിസ് സിസ്റ്റം അവസാനിക്കുമെന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്.
തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിന് പുറമെ, പ്രതിരോധ മന്ത്രാലയത്തിന്റെ ഭൂമി ഉപയോഗപ്പെടുത്തി കൂടുതല്‍ ജയിലുകള്‍ നിര്‍മ്മിക്കാനും, ഗുരുതര കുറ്റവാളികളെ കുപ്രശസ്തമായ എല്‍ സാല്‍വഡോറിലെ ജയിലുകളിലേക്ക് അയയ്ക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ഉണ്ടാകുമെന്നാണ് ഫരാഗ് വ്യക്തമാക്കുന്നത്. നിയമം അനുസരിച്ച് ജീവിക്കുന്ന പൊതുജനങ്ങള്‍ നിസ്സഹായരായി പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ റിഫോം യുകെ പ്രവര്‍ത്തിക്കുമെന്ന് ഫരാഗ് വാഗ്ദാനം ചെയ്യുന്നു.