29 ശതമാനം ശമ്പളവര്‍ദ്ധനവ്, ഇതുവരെ ഒപ്പം നിന്നവരെ പോലും എതിര്‍പ്പിലേക്ക് നയിക്കുന്ന ആവശ്യമാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നഷ്ടമായ ശമ്പളമൂല്യം കിട്ടണമെന്ന് അവര്‍ വാദിക്കുന്നു. മുന്‍ ടോറി ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ ജനങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്നതില്‍ ഈ റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ സുപ്രധാനമായി മാറിയിരുന്നു.
എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ ആസ്വദിച്ച് ഭരണത്തിലേറിയ ലേബര്‍ ഗവണ്‍മെന്റ് പാരിതോഷികമായി നല്‍കിയ ശമ്പളവര്‍ദ്ധനവിലും ഇവര്‍ തൃപ്തരല്ല. ഇതോടെ വീണ്ടും സമരപാതയിലാണ് ഡോക്ടര്‍മാര്‍. ശമ്പളവര്‍ദ്ധന 5.4 ശതമാനത്തില്‍ കൂടുതല്‍ നല്‍കാനില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ആവര്‍ത്തിക്കുന്നു. എങ്കില്‍ മോഹിച്ച വര്‍ദ്ധന കിട്ടുന്നത് വരെ സമരമെന്ന നിലപാടാണ് ഇവര്‍ പുറത്തിറക്കുന്നത്.
വമ്പന്‍ വര്‍ദ്ധന ലഭിക്കുന്നത് വരെ പോരാടാന്‍ 1 മില്ല്യണ്‍ പൗണ്ടിന്റെ യുദ്ധ ഫണ്ടാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ദീര്‍ഘകാല പോരാട്ടത്തിന് തങ്ങള്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വെസ് സ്ട്രീറ്റിംഗുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇതുമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് നിലപാട്.
സമ്മര്‍ വരെ ദുരിതം നീട്ടിക്കൊണ്ട് പോകാനുള്ള തോതില്‍ ഫണ്ട് റിസര്‍വ് ചെയ്തിട്ടുണ്ടെന്നും ബിഎംഎ മന്ത്രിമാരെ ഓര്‍മ്മിപ്പിക്കുന്നു. 29 ശതമാനം വര്‍ദ്ധനവ് ലഭിക്കാനായി 1 മില്ല്യണ്‍ പൗണ്ടാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. ഇത് 50 മില്ല്യണ്‍ പൗണ്ട് വരെ നീട്ടാനുള്ള തയ്യാറെടുപ്പും നടത്തിയിട്ടുണ്ടെന്ന് ബിഎംഎ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 7 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെ ഒത്തുതീര്‍പ്പ് നടക്കില്ലെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്. ലേബറിന് തങ്ങളുടെ യൂണിയന്‍ മുതലാളിമാരുടെ നിയന്ത്രണം നഷ്ടമായെന്നാണ് വ്യക്തമാകുന്നതെന്ന് ടോറികള്‍ പ്രതികരിച്ചു.