കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമായി എത്തിയ 'ലോക' സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. സംവിധായകന്‍ ജീത്തു ജോസഫ് ചിത്രത്തെ കുറിച്ചും ചിത്രം ഉണ്ടാക്കുന്ന സിനിമാ മേഖലയിലെ മാറ്റത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.
'ഒരു സിനിമ വ്യവസായത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഉണ്ടാകണം. ഒരു വിഭാഗത്തിലെ ഒരു സിനിമ സൂപ്പര്‍ഹിറ്റാകുമ്പോള്‍ എല്ലാവരും അതേപോലെ ചെയ്യാന്‍ ചാടിവീഴുക എന്നതാണ് സാധാരണയായി സംഭവിക്കുന്നത്. 'ലോക'യുടെ വിജയത്തോടെ ഇനിയിപ്പോള്‍ എല്ലാവരും സൂപ്പര്‍ഹീറോ സിനിമകള്‍ ചെയ്യാന്‍ തുടങ്ങാനുള്ള സാധ്യത കൂടുതലാണ്. അത് ശരിയായ കാര്യമല്ല' എന്നാണ് ജീത്തു പറഞ്ഞത്. 'ലോക' ഇതിനകം വിജയിച്ചു കഴിഞ്ഞു. ഇനി പുതിയ വിഭാഗങ്ങളില്‍ പരീക്ഷണം നടത്തി അവയെ വിജയിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി എന്നാണ് അദ്ദേഹം പറയുന്നത്.
സിനിമകളെ പുരുഷന്മാരുടെയോ സ്ത്രീകളുടെയോ കഥകളായി തരംതിരിക്കേണ്ടതുണ്ട് എന്ന ധാരണയെയും അദ്ദേഹം തള്ളിക്കളഞ്ഞു. സിനിമയില്‍ അത്തരമൊരു തരംതിരിവ് പാടില്ല. പുരുഷനോ സ്ത്രീയോ ഒരു കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുകയും പ്രേക്ഷകര്‍ക്ക് അത് കണക്ട് ആവുകയും ചെയ്താല്‍ അത് വിജയിക്കും. ഇത് മുമ്പും, ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്, ഭാവിയിലും ഇത് തുടരും. 'ലോക'ത്തിലും സംഭവിച്ചത് അതാണ്' അദ്ദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് ഇത് നല്ല സമയമാണെന്നും അദ്ദേഹം പറഞ്ഞു.