പതിനാറാമത് യുക്മ ദേശീയ കലാമേള നവംബര്‍ 01 ശനിയാഴ്ച ഗ്‌ളോസ്‌ററര്‍ഷയറിലെ ചെല്‍റ്റന്‍ഹാം ക്‌ളീവ് സ്‌കൂളില്‍ വെച്ച് നടക്കുകയാണ്. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ ലോഗോ, നഗര്‍ നാമനിര്‍ദ്ദേശക മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കായി നടത്തിയ ലോഗോ, നഗര്‍ നാമനിര്‍ദ്ദേശക മത്സരങ്ങളില്‍ നിരവധിയാളുകള്‍ വളരെ താല്പര്യപൂര്‍വ്വം പങ്കെടുത്തു. കലാമേള നഗറിനായി അന്തരിച്ച അനശ്വര ഗായകന്‍ പി.ജയചന്ദ്രന്റേതുള്‍പ്പടെ നിരവധി പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും, മലയാള സാഹിത്യത്തെയും സിനിമയെയും വിശ്വത്തോളം വളര്‍ത്തിയ മഹാപ്രതിഭ, എഴുത്തിന്റെ കുലപതി എം.ടി.വാസുദേവന്‍ നായര്‍ക്ക് യുക്മ നല്‍കുന്ന ആദരവായി 2025 കലാമേള നഗറിന് 'എം.ടി.വാസുദേവന്‍ നായര്‍ നഗര്‍' എന്ന് നാമനിര്‍ദ്ദേശം ചെയ്യുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
ദേശീയ കലാമേള 2025 ലോഗോ, നഗര്‍ നാമനിര്‍ദ്ദേശക മത്സരങ്ങളില്‍ നിരവധിയാളുകള്‍ വളരെ ആവേശപൂര്‍വ്വം പങ്കെടുത്തുവെങ്കിലും രണ്ട് വനിതകളാണ് ഇക്കുറി വിജയികളായതെന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. ലോഗോ മത്സരത്തില്‍ കീത്ത്‌ലി മലയാളി അസ്സോസ്സിയേഷനില്‍ നിന്നുള്ള ഡിംബിള്‍ വിന്നി റോസ് വിജയിയായപ്പോള്‍ നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ ബാണ്‍സ്ലി കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷനിലെ ബിന്‍സി കെ ഫിലിപ്പ് വിജയിയായി.
ദേശീയ കലാമേള ലോഗോ മത്സരത്തില്‍ വിജയിയായ ഡിംബിള്‍ വിന്നി റോസിന് പ്രശസ്തി ഫലകവും ക്യാഷ് അവാര്‍ഡും നഗര്‍ നാമനിര്‍ദ്ദേശക മത്സര വിജയി ബിന്‍സി കെ ഫിലിപ്പിന് പ്രശസ്തി ഫലകവും നവംബര്‍ 01ന് ചെല്‍റ്റന്‍ഹാമിലെ ദേശീയ കലാമേള വേദിയില്‍ വെച്ച് സമ്മാനിക്കുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു.
യുക്മ സൌത്ത് വെസ്റ്റ് റീജിയണ്‍ ആതിഥേയത്വം വഹിക്കുന്ന പതിനാറാമത് ദേശീയ കലാമേള ഗ്‌ളോസ്റ്റര്‍ഷയറിലെ ചെല്‍റ്റന്‍ഹാമിലാണ് ഇക്കുറിയും നടക്കുന്നത്. കുതിരയോട്ട മത്സരങ്ങള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും പ്രസിദ്ധമായ ചെല്‍റ്റന്‍ഹാം തുടര്‍ച്ചയായ നാലാം വര്‍ഷമാണ് യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരെയും കലാകാരികളെയും യുക്മ പ്രവര്‍ത്തകരെയും ചെല്‍റ്റന്‍ഹാമിലെ എം.ടി. വാസുദേവന്‍ നായര്‍ നഗറിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, ദേശീയ കലാമേള കണ്‍വീനര്‍ വര്‍ഗ്ഗീസ് ഡാനിയല്‍ (വൈസ് പ്രസിഡന്റ്), സ്മിത തോട്ടം (വൈസ് പ്രസിഡന്റ്), സണ്ണിമോന്‍ മത്തായി (ജോയിന്റ് സെക്രട്ടറി), റെയ്‌മോള്‍ നിധീരി (ജോയിന്റ് സെക്രട്ടറി), പീറ്റര്‍ താണോലില്‍ (ജോയിന്റ് ട്രഷറര്‍),ദേശീയ സമിതിയംഗം രാജേഷ് രാജ്, സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ്ജ്, എന്നിവര്‍ അറിയിച്ചു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ. & മീഡിയ കോര്‍ഡിനേറ്റര്‍)