ലണ്ടന്‍: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ക്ക് ചെംസ്‌ഫോര്‍ഡില്‍ ആവേശകരമായ തുടക്കം കുറിച്ചു. 2025 ഒക്ടോബര്‍ 5-ന് മിഡ്‌മേ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 12 ഓളം ടീമുകള്‍ പങ്കെടുത്തു.
സമീക്ഷ യുകെ നാഷണല്‍ കമ്മിറ്റി അംഗം ശ്രി. ആന്റണി ജോസ് ഔപചാരികമായി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി വിപിന്‍ രാജ്, അര്‍ജുന്‍ മുരളി, ഷോണി ജോസഫ്, വിനു സര്‍ദാര്‍, ജോസ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
സമീക്ഷ യുകെ യുടെ 32 യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളില്‍ ഈ വര്‍ഷം റീജിയണല്‍ ലീഗ് മത്സരങ്ങള്‍ നടക്കും. ഇതിലൂടെ നവംബര്‍ 9-ന് ഷെഫീല്‍ഡില്‍ വെച്ച് നടക്കുന്ന ഗ്രാന്‍ഡ്ഫിനാലെയില്‍ മാറ്റുരയ്ക്കാനുള്ള മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.
വാശിയേറിയ മത്സരം നടന്ന ചെംസ്‌ഫോര്‍ഡ് റീജിയണല്‍ ടൂര്‍ണമെന്റില്‍ ആല്‍വിന്‍ - ദീപു കൂട്ടുകെട്ട് ഒന്നാം സ്ഥാനവും, സാം - ബാലു കൂട്ടുകെട്ട് രണ്ടാം സ്ഥാനവും, ആരുഹ്യ & ലവ് ഗോയല്‍ ടീമുകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫികള്‍ സമീക്ഷ നാഷണല്‍ കമ്മിറ്റി അംഗം ശ്രീ. ആന്റണി ജോസഫ് യൂണിറ്റ് സെക്രട്ടറി വിപിന്‍ രാജ്, അര്‍ജുന്‍ മുരളി, ഷോണി ജോസഫ്, വിനു സര്‍ദാര്‍, ജോസ് അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
മത്സരത്തിന്റെ മുഴുവന്‍ നിയന്ത്രണം സമീക്ഷ ചെംസ്‌ഫോര്‍ഡ് യൂണിറ്റ് നേതൃത്വം മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. ഈ വിജയകരമായ തുടക്കം സമീക്ഷ യുകെയുടെ തുടര്‍ന്നുള്ള കായിക പ്രവര്‍ത്തനങ്ങക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു.