
















കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി എം വിനു ഇന്ന് പ്രാചരണ പരിപാടികള്‍ക്കിറങ്ങില്ല. സ്വകാര്യ പരിപാടികളുണ്ടെന്നാണ് വിശദീകരണം. വോട്ടവകാശം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. കോടതിയില്‍ നിന്ന് തീരുമാനം വന്നതിന് ശേഷമേ ഇനി പ്രചാരണത്തിന് ഇറങ്ങുകയുളളുവെന്നാണ് സൂചന. 2020 ലെ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലും പേരില്ലെന്ന് വന്നതോടെ വിനുവിന് നിയമപോരാട്ടത്തിന് സാധ്യത കുറവാണെന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക.
വിനു കല്ലായി ഡിവിഷനില്‍നിന്നും വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാല്‍ ഇതിന് തിരിച്ചടിയാകുന്നതായിരുന്നു വിനുവിന് വോട്ടില്ലെന്ന വിവരം. എന്നാല്‍ താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും വോട്ട് നീക്കംചെയ്തതാണ് എന്നുമാണ് വിനുവിന്റെ വാദം. 2020ലെ പട്ടികയില്‍ വിനുവിന്റെ പേരില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ് വിനു. പഠനകാലത്തുതന്നെ നാടകപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന വിനു പിന്നീട് സിനിമയിലെത്തി. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അടക്കം പതിനഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.