
















'യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌കാരദാനവും യുകെയിലെ പ്രമുഖ ഫാഷന്‍ ഇവന്റ്‌സ് സംഘാടകരായ മാണിക്കത്ത് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന 'മിസ്സ് & മിസ്സിസ് മലയാളി യു കെ' യുടെ ഫിനാലെയും ഇന്ന് (നവംബര്‍ 22, ശനിയാഴ്ച) പ്രിസ്റ്റണ്‍ പാര്‍ക്ക് ഹാള്‍ ഹോട്ടലില്‍ വച്ച് നടക്കുന്നു. രാവിലെ 11 മുതല്‍ ആരംഭിക്കുന്ന ഫാഷന്‍ ഷോ ഇവന്റിനോട് അനുബന്ധമായിട്ടാണ് യുക്മയുടെ പുരസ്‌കാരദാന ചടങ്ങുകളും ക്രമീകരിച്ചിരിക്കുന്നത്.
ഫാഷന്‍ ഷോ മത്സരങ്ങള്‍, വിവിധ തരം കലാപ്രകടനങ്ങള്‍, നൃത്ത നൃത്യങ്ങള്‍ എന്നിങ്ങനെ വളരെ മനോഹരമായി തയ്യാറാക്കിയിരിക്കുന്ന പരിപാടികള്‍ക്കിടയിലായിരിക്കും യുക്മ ശ്രേഷ്ഠ മലയാളി 2025 പുരസ്‌കാരദാന ചടങ്ങുകളും നടക്കുന്നത്. പുരസ്‌കാരദാന ചടങ്ങുകള്‍ ഭംഗിയായി നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു. ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ്മാരായ വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
നവംബര്‍ 01 ന് ചെല്‍റ്റന്‍ഹാമില്‍ വച്ച് നടന്ന പതിനാറാമത് യുക്മ ദേശീയ കലാമേളയില്‍ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയ കരണ്‍ ജയശങ്കര്‍ ഷെലിന്‍, കലാതിലക പട്ടം കരസ്ഥമാക്കിയ അമേയ കൃഷ്ണ നിധീഷ്, ആന്‍ ട്രീസ ജോബി, 2025 കേരളപൂരം വള്ളംകളിയില്‍ യുക്മ ട്രോഫി ജേതാക്കളായ കൊമ്പന്‍സ് ബോട്ട് ക്ളബ്ബ്, ബോള്‍ട്ടന്‍, വനിത വിഭാഗം ചാമ്പ്യന്‍മാരായ ടീം ലിമ ലിവര്‍പൂള്‍ എന്നിവരെ ഈ വേദിയില്‍ യുക്മ ആദരിക്കുന്നതാണ്.
കലാപ്രതിഭ - കരണ്‍ ജയശങ്കര്‍ ഷെലിന്‍, ബെഡ്‌ഫോര്‍ഡ് മാസ്റ്റന്‍ കേരള അസ്സോസ്സിയേഷന്‍.
പതിനാറാമത് യുക്മ ദേശീയ കലാമേളയില്‍ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയത് ഈസ്റ്റ് ആംഗ്‌ളിയ റീജിയണിലെ ബെഡ്‌ഫോര്‍ഡ് മാസ്റ്റന്‍ കേരള അസ്സോസ്സിയേഷനില്‍ നിന്നുള്ള കരണ്‍ ജയശങ്കര്‍ ഷെലിന്‍ എന്ന കൊച്ച് മിടുക്കനാണ്. ഇയര്‍ 5 വിദ്യാര്‍ത്ഥിയായ കരണ്‍ നാട്ടില്‍ അടൂര്‍ സ്വദേശിയാണ്. മാതാപിതാക്കളായ ജയശങ്കര്‍ ജെ - ഷെലിന്‍ ഡാനിയല്‍, സഹോദരന്‍ ഋഷി ജയശങ്കര്‍ ഷെലിന്‍ എന്നിവരോടൊപ്പം ബെഡ്‌ഫോര്‍ഡിലാണ് കരണ്‍ താമസിക്കുന്നത്.
കലാതിലകം - അമേയ കൃഷ്ണ നിധീഷ്, വാര്‍വിക് & ലമിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍.
പതിനാറാമത് യുക്മ ദേശീയ കലാമേളയില്‍ കലാതിലക പട്ടം കരസ്ഥമാക്കിയ അമേയ കൃഷ്ണ നിധീഷ്, മിഡ്ലാന്‍ഡ്‌സ് റീജിയണിലെ വാര്‍വിക് & ലമിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗമാണ്. യുക്മ 2024 ദേശീയ കലാമേളയിലും കലാതിലകമായി പ്രതിഭ തെളിയിച്ച അമേയ ഇയര്‍ 6 ല്‍ പഠിക്കുന്നു. തൃശ്ശൂര്‍ സ്വദേശികളായ നിധീഷ് സ്വാമിനാഥന്റെയും അഞ്ജു നിധീഷിന്റെയും മകളായ അമേയ, സഹോദരി ആമിക കൃഷ്ണ നിധീഷുമൊപ്പം വാര്‍വിക്കിലാണ് താമസം.
കലാതിലകം - ആന്‍ ട്രീസ ജോബി, വിഗന്‍ മലയാളി അസ്സോസ്സിയേഷന്‍.
പതിനാറാമത് യുക്മ ദേശീയ കലാമേളയില്‍ കലാതിലക പട്ടം കരസ്ഥമാക്കിയ ആന്‍ ട്രീസ ജോബി, നോര്‍ത്ത് വെസ്റ്റ് റീജിയണിലെ വിഗന്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗമാണ്. ഇടുക്കി, രാജാക്കാട് സ്വദേശികളായ ജോബി ജോസ് - അനു ജോബി ദമ്പതികളുടെ മകളായ ആന്‍ ട്രീസ, സഹോദരന്‍ ലൂയീസ് ജോബിയോടും മാതാപിതാക്കളോടുമൊപ്പം വിഗനില്‍ താമസിക്കുന്നു.
കൊമ്പന്‍സ് ബോട്ട് ക്ളബ്ബ്, ബോള്‍ട്ടന്‍.
ഏഴാമത് യുക്മ കേരളപൂരം വള്ളംകളി 2025 ല്‍ യുക്മ ട്രോഫി ജേതാക്കളായ കൊമ്പന്‍സ് ബോട്ട് ക്ളബ്ബ്, ബോള്‍ട്ടന് നേതൃത്വം നല്‍കുന്നത് ക്യാപ്റ്റന്‍ മോനിച്ചന്‍ കിഴക്കേച്ചിറയും മാനേജര്‍ ജയ്‌സണ്‍ ജോസഫുമാണ്. ആദ്യമായി മത്സരിക്കാനിറങ്ങിയ 2022 മുതല്‍ കേരളപൂരം വള്ളംകളിയിലെ ഫൈനലിസ്റ്റുകളായ ബോള്‍ട്ടന്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തിയിരുന്നെങ്കിലും ഇതാദ്യമാണ് ജേതാക്കളാകുന്നത്.
ലിമ ബോട്ട് ക്‌ളബ്ബ്, ലിവര്‍പൂള്‍.
യുക്മ കേരളപൂരം വള്ളംകളി 2025 ലെ വനിത വിഭാഗത്തില്‍ ജേതാക്കളായത് ലിമ ബോട്ട് ക്‌ളബ്ബ്, ലിവര്‍പൂളാണ്. ക്യാപ്റ്റന്‍ ജൂലി ഫിലിപ്പിന്റെ നേതൃത്വത്തില്‍ വിജയികളായ ടീം ലിമയുടെ മാനേജര്‍ ഹരികുമാര്‍ ഗോപാലനാണ്.
പ്രശസ്ത ഫാഷന്‍ ഇവന്റ്‌സ് ഡയറക്ടര്‍ കമല്‍രാജ് മാണിക്കത്ത് സംവിധാനം ചെയ്ത് മാണിക്കത്ത് ഇവന്റ്‌സ് അവതരിപ്പിക്കുന്ന 'മിസ്സ് & മിസ്സിസ് മലയാളി യു കെ` ഗ്രാന്റ് ഫിനാലെ വേദിയായ പ്രിസ്റ്റണ്‍ പാര്‍ക്ക് ഹാള്‍ വേദിയിലാണ് യുക്മ ശ്രേഷ്ഠ മലയാളി അവാര്‍ഡ്ദാന ചടങ്ങുകളും നടക്കുന്നത്.
ഇന്ന് പ്രിസ്റ്റണ്‍ പാര്‍ക്ക് ഹാള്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന യുക്മ ശ്രേഷ്ഠ മലയാളി 2025 പുരസ്‌കാരദാന ചടങ്ങിലേക്ക് മുഴുവന്‍ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
PARK HALL RESORT & SPA,
PARK HALL ROAD,
CHARNOCK RICHARD
PRESTON, PR7 5LP.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)