
















ട്രെയിന്‍ വൈകിയത് മൂലം എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയ്ക്ക് ഉത്തരവ്. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ നിന്ന് അനുകൂല വിധി ലഭിച്ചത്. ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ സുപ്രധാന വിധി.
2018 മെയ് 7-നായിരുന്നു സമൃദ്ധിയുടെ ബി.എസ്സി ബയോടെക്‌നോളജി എന്‍ട്രന്‍സ് പരീക്ഷ. ലഖ്നൗവിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാനായി ബസ്തിയില്‍ നിന്ന് ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലാണ് സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. രാവിലെ 11 മണിക്ക് ലഖ്നൗവില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ രണ്ടര മണിക്കൂറോളം വൈകി. ഉച്ചയ്ക്ക് 12.30-ന് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിദ്യാര്‍ത്ഥിനിക്ക് ട്രെയിന്‍ വൈകിയത് മൂലം പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുകയായിരുന്നു.
ഒരു വര്‍ഷത്തോളം നീണ്ട കഠിനമായ പരീക്ഷാ പരിശീലനവും ഭാവി അവസരങ്ങളും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമൃദ്ധി ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. സമയബന്ധിതമായി സേവനം ഉറപ്പുവരുത്തുന്നതില്‍ റെയില്‍വേ പരാജയപ്പെട്ടുവെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ട്രെയിന്‍ വൈകിയതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ റെയില്‍വേയ്ക്ക് സാധിച്ചില്ല. അതേസമയം, 45 ദിവസത്തിനകം നഷ്ടപരിഹാരത്തുകയായ 9.10 ലക്ഷം രൂപ നല്‍കണമെന്നും വൈകിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്നുമാണ് ഉത്തരവ്. റെയില്‍വേ മന്ത്രാലയം, ജനറല്‍ മാനേജര്‍, സ്റ്റേഷന്‍ സൂപ്രണ്ട് എന്നിവര്‍ക്കെതിരെയാണ് നടപടി.