
















വിവാഹ ചടങ്ങ് കഴിഞ്ഞ് അതിഥികള്‍ പിരിഞ്ഞ് പോവും മുന്‍പ് വധുവിന് വയറുവേദന കടുത്തു. ആശുപത്രിയിലെത്തിച്ച നവവധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍ പ്രദേശിലെ റാംപൂര്‍ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം. അസിംനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. കുംഹാരിയ ഗ്രാമവാസിയായ റിസ്വാന്‍ എന്ന യുവാവിന്റെയും സമീപ ഗ്രാമമായ ബഹാദുര്‍ഗഞ്ചുകാരിയായ യുവതിയുടേയും വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇവര്‍ തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളാനുള്ള മടിയാണ് വിവാഹം വൈകിയതിന് കാരണമായത്. യുവതി തങ്ങളുടെ പ്രണയ ബന്ധം ഔദ്യോഗികമാക്കണമെന്ന ആവശ്യവുമായി പൊലീസിന് നേരത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രാമമുഖ്യനൊപ്പം പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയത്. ശനിയാഴ്ച വൈകുന്നേരമാണ് റിസ്വാന്‍ ബഹാദുര്‍ഗഞ്ചില്‍ ബന്ധുക്കളുമായി എത്തി പരമ്പരാഗത രീതിയിലെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വധുവുമായി മടങ്ങിയത്.
വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. വിവാഹ ആഘോഷം പൂര്‍ത്തിയാവും മുന്‍പ് വയറുവേദന കടുത്തു. ഇതോടെ വരന്റെ വീട്ടുകാര്‍ ഗ്രാമത്തിലെ ക്ലിനിക്കിലെ ഡോക്ടറുടെ സേവനം വീട്ടുകാര്‍ തേടിയതോടെയാണ് വയറുവേദന പ്രസവ വേദനയാണെന്ന് തിരിച്ചറിയുന്നത്. ഞായറാഴ്ച പുലര്‍ച്ചയോടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. സംഭവത്തില്‍ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.