
















പ്രശസ്ത ഗായകന്‍ അര്‍ജിത് സിംഗ് പിന്നണി ഗാനരംഗത്ത് നിന്നും വിരമിച്ചു. ശ്രോതാക്കള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അര്‍ജിത് സിംഗ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നണിഗാനരംഗത്ത് നിന്ന് മാത്രമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡീ മ്യൂസിക്കില്‍ പുതിയ പാതകള്‍ തേടാനാണ് ഈ പിന്മാറ്റം എന്നാണ് കരുതപ്പെടുന്നത്.
'എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍. ഇക്കഴിഞ്ഞ പോയ വര്‍ഷങ്ങളില്‍ നിങ്ങളെനിക്ക് ഒരുപാട് സ്നേഹം നല്‍കി. ശ്രോതാക്കളുടെ ആ സ്നേഹത്തിന് ഒരുപാട് നന്ദി. ഇനി പിന്നണി ഗാനരംഗവുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത്. മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണ്,' അര്‍ജിത് സിംഗ് കുറിച്ചു.
അതേസമയം, താന്‍ ഏറ്റെടുത്ത വര്‍ക്കുകള്‍ അവസാനിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഈ വര്‍ഷം പുതിയ ചില ചിത്രങ്ങളില്‍ തന്റെ പാട്ടുകളുണ്ടാകുമെന്നും അര്‍ജിത് അറിയിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗത്ത് നിന്നും പിന്മാറുന്നു എന്നതുകൊണ്ട് സംഗീതത്തോട് വിട പറയുന്നു എന്ന് അര്‍ത്ഥമില്ലെന്നും ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അര്‍ജിത് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.
ബോളിവുഡിലെ ഏറ്റവും തിരക്കേറിയ യുവ ഗായകനായ അര്‍ജിത് സിംഗിന്റെ വിരമിക്കല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഹിന്ദിയിലും ബംഗാളിയിലുമാണ് അര്‍ജിത് സിംഗ് ഏറ്റവും കൂടുതല്‍ സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2009ല്‍ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന അര്‍ജിത് സിംഗ് അതിനുമുന്‍പ് റിയാലിറ്റി ഷോയിലൂടെ ആസ്വാദകര്‍ക്ക് സുപരിചിതനായിരുന്നു.
സിനിമാഗാനങ്ങളില്‍ അര്‍ജിതിന്റെ സ്വരമുണ്ടാകില്ലെന്നത് വേദനയാണെങ്കിലും ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കുമായി അദ്ദേഹം വരുന്നത് കാണാന്‍ ഏറെ ആഗ്രഹമുണ്ടെന്ന് ആരാധകര്‍ പറയുന്നുണ്ട്.