
















ശിവാജി നഗറില്‍ 19-കാരിയായ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന് പേരുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ നടന്ന അരും കൊലയില്‍ 25 വയസ്സുള്ള യുവതിയെയും അവരുടെ 23 വയസ്സുള്ള ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതികളെ പിടികൂടി. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയും വ്യക്തിപരമായ തര്‍ക്കങ്ങളുമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൊല്ലപ്പെട്ട ഷിഫ പ്രതികളിലൊരാളായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ക്ക് പിടിയിലായ യുവതിയുമായും ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ മുന്‍പും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ വിരോധമാണ് ഒടുവില്‍ ഷിഫയെ വകവരുത്താനുള്ള ഗൂഢാലോചനയിലേക്ക് നയിച്ചതെന്നാണ് വിവരം.
ശിവാജി നഗര്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഇന്‍ഫോര്‍മര്‍മാരുടെ സഹായത്തോടെയുമാണ് പ്രതികളെ അതിവേഗം പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെ നിന്ന് ലഭിച്ചു എന്നും ഇതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.