CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes 4 Seconds Ago
Breaking Now

കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്നു; ആത്മാവിനോട് സംസാരിക്കാന്‍ ദുര്‍മന്ത്രവാദം നടത്തിയ എംബിഎ വിദ്യാര്‍ത്ഥി പിടിയില്‍

ചോദ്യം ചെയ്യലില്‍ പുറത്തുവന്ന വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നതായിരുന്നു.

സഹപാഠിയും കാമുകിയുമായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അവളുടെ ആത്മാവിനോട് സംസാരിക്കാന്‍ ദുര്‍മന്ത്രവാദം നടത്തിയ 22-കാരനായ എംബിഎ വിദ്യാര്‍ത്ഥി പിടിയിലായി. മന്ദ്സൗറിലെ ബിസിനസുകാരന്റെ മകനായ പിയൂഷ് ധാംനോതിയയെ മുംബൈയില്‍ നിന്നാണ് ഇന്‍ഡോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പുറത്തുവന്ന വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നതായിരുന്നു.

ഫെബ്രുവരി 10-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ വിവാഹത്തെച്ചൊല്ലിയും യുവതി മറ്റ് പുരുഷന്മാരുമായി ചാറ്റ് ചെയ്യുന്നു എന്ന സംശയത്തെച്ചൊല്ലിയും തര്‍ക്കങ്ങള്‍ പതിവായിരുന്നു. സംഭവ ദിവസം പ്രതിയുടെ അങ്കിള്‍ ഗാലിയിലെ വാടകവീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ പിയൂഷ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കയറുപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ചു.

കൊലപാതകത്തിന് ശേഷം മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പം മദ്യപിച്ച് ഇരുന്ന പ്രതി, പിന്നീട് മുംബൈയിലേക്ക് കടന്നു. പന്‍വേലിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെച്ച് ഇയാള്‍ യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ആത്മാക്കളോട് സംസാരിക്കുന്ന വീഡിയോകള്‍ ഓണ്‍ലൈനില്‍ തിരയുകയും ധൂപവര്‍ഗ്ഗങ്ങള്‍ കത്തിച്ച് ആചാരങ്ങള്‍ നടത്തുകയും ചെയ്തതായി ഇയാള്‍ സമ്മതിച്ചു.

ജന്മദിന പാര്‍ട്ടിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം പിയൂഷിന്റെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്തുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം യുവതിയുടെ ഫോണില്‍ നിന്ന് 'വീട്ടിലേക്ക് മടങ്ങില്ല' എന്ന സന്ദേശം പിയൂഷ് വീട്ടുകാര്‍ക്ക് അയച്ചിരുന്നു. കൂടാതെ ഇവരുടെ സ്വകാര്യ വീഡിയോകള്‍ കോളേജ് ഗ്രൂപ്പുകളിലും യുവതിയുടെ സ്റ്റാറ്റസായും അപ്ലോഡ് ചെയ്തു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി യുവതിയുടെ ഫോണ്‍ ഇയാള്‍ മുംബൈയില്‍ വെച്ച് നശിപ്പിക്കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.