CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 37 Seconds Ago
Breaking Now

ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തി 33കാരി ; അച്ഛനെ കൊലപ്പെടുത്താന്‍ അമ്മ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് വിശ്വസിച്ച് ക്രൂരത

തുംകൂരു നഗരത്തിലെ ശ്രീനഗറില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന സുചിത്ര, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അമ്മയുടെ വീട്ടിലെത്തിയത്.

ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തി 33കാരി. അച്ഛനെ കൊലപ്പെടുത്താന്‍ അമ്മ ദുര്‍മന്ത്രവാദം ചെയ്തുവെന്ന ജോത്സ്യന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടുംക്രൂരത. കര്‍ണാടകയിലെ തുംകുരുവിലാണ് സംഭവം. തുംകൂരു താലൂക്കിലെ അനുപനഹള്ളി ഗ്രാമത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. അമ്മയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം, ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ത്ത് സംസ്‌കാര ചടങ്ങുകള്‍ നടത്താനും മകള്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അനുപനഹള്ളി സ്വദേശിയായ പുഷ്പവതി (55) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകള്‍ സുചിത്രയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. തുംകൂരു നഗരത്തിലെ ശ്രീനഗറില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന സുചിത്ര, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അമ്മയുടെ വീട്ടിലെത്തിയത്.

പൊലീസിന്റെ പ്രാഥമിക അന്വേഷണം അനുസരിച്ച് ഒന്നര വര്‍ഷം മുന്‍പാണ് സുചിത്രയുടെ അച്ഛന്‍ മരിച്ചത്. ഈ മരണത്തിന് കാരണം അമ്മ പുഷ്പവതിയാണെന്ന് ഒരു ജ്യോത്സ്യന്‍ സുചിത്രയോട് പറഞ്ഞിരുന്നു. അച്ഛന്റെ മരണത്തിനായി അമ്മ മന്ത്രവാദം നടത്തിയെന്നായിരുന്നു ജ്യോത്സ്യന്റെ കണ്ടെത്തല്‍. ഇത് പൂര്‍ണമായി വിശ്വസിച്ച സുചിത്രയ്ക്ക് അമ്മയോട് കടുത്ത പകയായി. അമ്മയെ ഇല്ലാതാക്കാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി പുഷ്പവതി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ സുചിത്ര തലയണ മുഖത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ ഇത് സ്വാഭാവിക മരണമാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച് എത്രയും പെട്ടെന്ന് സംസ്‌കാരം നടത്താന്‍ സുചിത്ര ശ്രമം തുടങ്ങി.

എന്നാല്‍ മൃതദേഹത്തിന്റെ അവസ്ഥയിലും സാഹചര്യങ്ങളിലും അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ക്ക് ഇതൊരു കൊലപാതകമാകാമെന്ന് സംശയിച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പരിശോധിക്കുകയും സുചിത്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ സുചിത്ര കുറ്റം സമ്മതിച്ചു. ഇതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.സംഭവത്തില്‍ ക്യാതസന്ദ്ര പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.