
















നാടന്‍ പശുവിന്റെ പാല്‍ കുടിക്കുന്ന കുട്ടികള്‍ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാല്‍ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസരുമാക്കുമെന്നും പറഞ്ഞ് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍. രാജസ്ഥാന്‍ കോട്ടയിലെ രംഗഞ്ച് മണ്ഡിയില്‍ നടന്ന ഗോസംരക്ഷ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്ര പരാമര്‍ശം.
പശുക്കിടാവിനെയും എരുമക്കിടാവിനെയും താരതമ്യം ചെയ്ത്‌കൊണ്ടായിരുന്നു മന്ത്രിയുടെ വിശദീകരണം. ഉയര്‍ന്ന തോളുകളുള്ള നാടന്‍ പശുക്കളുടെ പാല്‍ കുടിക്കുന്നവര്‍ ബുദ്ധിശാലികളാകുമെന്ന് അദേഹം പറഞ്ഞു. എരുമപ്പാല്‍ കുടിക്കുന്നവര്‍ക്ക് മന്ദതയുണ്ടാകുമെന്നും അവര്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ കഴിയില്ലെന്നും അദേഹം കൂട്ടിചേര്‍ത്തു.
പശുക്കിടാവിനെയും എരുമക്കിടവിനെയും ദൂരെ നിന്ന് അവരുടെ അമ്മമാരുടെ അടുത്തേയ്ക്ക് വിട്ടാല്‍ പശുക്കിടാവ് വേ?ഗത്തില്‍ അതിന്റെ അമ്മയെ കണ്ടെത്തുമെന്നും എരുമക്കിടാവിന് അമ്മയെ കണ്ടെത്താന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു. ഇരുവരും കുടിക്കുന്ന പാലിന്റെ വ്യത്യാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രി പ്രസ്താവിച്ചു. പശുക്കിടാവിന് പാല്‍ നല്‍കിയാല്‍ അത് ഊര്‍ജവും പ്രസരിപ്പുള്ളതുമായി ഇരിക്കുമെന്നും എന്നാല്‍ എരുമക്കിടാവിന് പാല്‍ നല്‍കിയാല്‍ അത് അലസമായി ഉറങ്ങുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാത്ത മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസവും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്.