
















അമ്മ മകനെ ഫ്‌ലാറ്റിന്റെ പത്താം നിലയുടെ ബാല്‍ക്കണിയില്‍ നിന്നും കെട്ടിയിറക്കിയ സംഭവം വിവാദമാവുന്നു. ഫരീദാബാദില്‍ നിന്നുള്ള ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നു കഴിഞ്ഞു. എന്തിനാണ് അവര്‍ അങ്ങനെ ചെയ്തത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകണം. ഒരു സാരി വീണ്ടെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്രയേറെ സാഹസികത. അതേ, നിങ്ങള്‍ കേട്ടത് ശരിയാണ്. താഴെ പൂട്ടിയിട്ടിരിക്കുന്ന ഒരു ഫ്‌ലാറ്റില്‍ വീണുകിടക്കുന്ന സാരി തിരികെ എടുക്കാന്‍ ആ സ്ത്രീ ആരുടെയും സഹായമോ നിര്‍ദ്ദേശങ്ങളോ തേടിയില്ല, മറിച്ച് തന്റെ മകന്റെ ജീവന്‍ പണയം വച്ചുള്ള സാഹസികതയ്ക്ക് മുതിരുകയായിരുന്നു.
സംഭവത്തിന്റെ അസ്വസ്ഥാജനകമായ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ഇത് അതിവേഗം വൈറലാകുകയും കാഴ്ചക്കാരെ ഭയപ്പെടുത്തുകയും ചെയ്തു. പത്താം നിലയിലെ ബാല്‍ക്കണി റെയിലിംഗില്‍ കെട്ടിയിരിക്കുന്ന ഒരു ബെഡ്ഷീറ്റില്‍ തൂങ്ങിക്കിടക്കുന്ന ഒരു ആണ്‍കുട്ടിയെ, അവന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും മുകളില്‍ നിന്ന് തുണിയില്‍ മുറുകെ പിടിക്കുന്നത് വൈറല്‍ ക്ലിപ്പില്‍ കാണാം.
ഫരീദാബാദിലെ സെക്ടര്‍ 82 ലെ ഫ്‌ലോറിഡ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂട്ടിയിട്ടിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ വീണ സാരി എടുക്കാന്‍ കുട്ടിയെ ഒമ്പതാം നിലയിലേക്ക് കെട്ടി താഴ്ത്തിയതായി റിപ്പോര്‍ട്ടുണ്ട്.
മുഴുവന്‍ സംഭവവും കണ്ട സമീപത്തെ കെട്ടിടത്തിലെ ഒരു താമസക്കാരനാണ് ദൃശ്യം പകര്‍ത്തിയത്. പശ്ചാത്തലത്തില്‍, വീഡിയോ പകര്‍ത്തിയ വ്യക്തി ഞെട്ടലും ആശങ്കയും പ്രകടിപ്പിക്കുന്നത് കേള്‍ക്കാം. കുട്ടി വഴുതി വീണിരുന്നെങ്കില്‍ കെട്ടിടത്തിന്റെ ഉയരം കാരണം അതിന്റെ അനന്തരഫലങ്ങള്‍ മാരകമാകുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ പ്രതികരണങ്ങള്‍ക്ക് കാരണമായിക്കഴിഞ്ഞു. നിരവധി ഉപയോക്താക്കള്‍ അമ്മയുടെ പ്രവൃത്തിയെ അപലപിച്ചു. ഇവര്‍ക്ക് ഭ്രാന്തുണ്ടോ എന്ന് ചോദിച്ച ചിലര്‍ അവര്‍ ചെയ്ത പ്രവര്‍ത്തി നിരുത്തരവാദപരമെന്നും വിളിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെടുന്നതിനിടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുന്നുണ്ട്.