
















റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ യു എസ് ഇളവ് നല്‍കിയതിന് പിന്നാലെ ഇന്ത്യയെ പരാമര്‍ശിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഇന്ത്യ നല്ല ആക്ടേര്‍സ് ആണെന്നും തങ്ങള്‍ പറഞ്ഞതെല്ലാം അനുസരിക്കുന്നുണ്ടെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഫോക്‌സ് ബിസിനസിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യു എസ് ട്രഷറി സെക്രട്ടറി.
'ഇന്ത്യ നല്ല ആക്ടേര്‍സ് ആണ്. റഷ്യന്‍ എണ്ണ വാങ്ങരുത് എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ഇന്ത്യ അത് നിര്‍ത്തി. പകരം യുഎസില്‍ നിന്ന് എണ്ണ വാങ്ങാമെന്നാണ് പറഞ്ഞത്. എന്നാല്‍ നിലവില്‍ ലോകമാകെ എണ്ണ വിതരണത്തില്‍ ഒരു ചെറിയ വിടവുണ്ട്. അത് പരിഹരിക്കാനാണ് നമ്മള്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയത്'; എന്നാണ് സ്‌കോട്ട് ബെസെന്റ് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക ഇന്ത്യക്ക് അനുമതി നല്‍കിയത്. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്നായിരുന്നു വൈറ്റ്ഹൗസ് അറിയിച്ചത്. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ പരിമിതമായ കാലയളവിലേക്ക് വാങ്ങാം എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി എക്‌സില്‍ കുറിച്ചത്.