CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 31 Seconds Ago
Breaking Now

കര്‍ണാടകത്തില്‍ ഹോസ്റ്റലില്‍ ഒമ്പതാം ക്ലാസുകാരന്റെ മര്‍ദനമേറ്റ് സഹപാഠി കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

രാത്രി ഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങാന്‍ കിടന്ന സമയത്താണ് ആക്രമണമുണ്ടായത്.

ഒമ്പതാം ക്ലാസുകാരന്റെ ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള മര്‍ദനമേറ്റ് സഹപാഠി കൊല്ലപ്പെട്ടു. ബെല്ലാരി ഗുരുകുല റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളെയും വാര്‍ഡനെയും ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലക്ഷ്മികാന്ത് എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഏഴ് വിദ്യാര്‍ത്ഥികളെയും ഹോസ്റ്റല്‍ വാര്‍ഡനെയും ബള്ളാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും അടുത്തുള്ള ട്രോമ കെയര്‍ സെന്ററിലും പ്രവേശിപ്പിച്ചു.

രാത്രി ഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങാന്‍ കിടന്ന സമയത്താണ് ആക്രമണമുണ്ടായത്. തന്റെ കട്ടിലില്‍ നിന്നും ഇളക്കിയെടുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രതിയായ വിദ്യാര്‍ത്ഥി ഉറങ്ങിക്കിടന്ന മറ്റുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം പ്രതിയായ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഹോസ്റ്റല്‍ അധികൃതരുടെ വീഴ്ചയാണ് മകന്റെ മരണത്തിന് കാരണമായതെന്ന് ലക്ഷ്മികാന്തിന്റെ പിതാവ് ആരോപിച്ചു. രാത്രി 11:30 ഓടെയാണ് വിവരം ലഭിച്ചതെന്നും ഹോസ്റ്റലില്‍ കൃത്യമായ മേല്‍നോട്ടം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായ വിദ്യാര്‍ത്ഥി മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണോ അതോ ലഹരിമരുന്നിന് അടിമയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബ്രൂസ്പേട്ട് പോലീസ് കേസെടുത്ത് ഒളിവില്‍ പോയ വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ ആരംഭിച്ചു. ഹോസ്റ്റലിലെ മറ്റ് ജീവനക്കാരെയും കുട്ടികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.