
















തന്റെ ആയുസ്സ് കുറവാണെന്ന ജ്യോത്സ്യന്റെ പ്രവചനത്തില്‍ അസ്വസ്ഥയായ 28 വയസുകാരി ജീവനൊടുക്കി. ബെംഗളൂരുവിലെ ബാഗലഗുണ്ടെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എന്‍ഇഎല്‍ ലേഔട്ടിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്.
ഒരു സ്വകാര്യ കമ്പനിയില്‍ വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുകയായിരുന്നു മരിച്ച യുവതി. പോലീസ് പറയുന്നതനുസരിച്ച്, കുടക് സ്വദേശിയായ യുവാവുമായുള്ള തന്റെ പ്രണയബന്ധത്തെക്കുറിച്ചും അത് വിവാഹത്തില്‍ എത്തുമോ എന്നതിനെക്കുറിച്ചും വ്യക്തത തേടിയാണ് യുവതി കുറച്ചുനാള്‍ മുമ്പ് ഒരു ജ്യോത്സ്യനെ സമീപിച്ചത്. ഇരു കുടുംബങ്ങളും ഇവരുടെ വിവാഹത്തിന് സമ്മതം മൂളിയിരുന്നതുമാണ്.
'തന്റെ ബന്ധത്തെക്കുറിച്ചും വിവാഹ സാധ്യതകളെക്കുറിച്ചും അറിയാനാണ് യുവതി ജ്യോത്സ്യനെ സമീപിച്ചത്,' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സന്ദര്‍ശനത്തിനിടെ, യുവതിക്ക്'അല്പായുസ്സാണ്' ഉള്ളതെന്ന് ജ്യോത്സ്യന്‍ പറയുകയും, വരാനിരിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനുമായി പ്രത്യേക പൂജകളും കര്‍മങ്ങളും നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് ഒമ്പത് ദിവസത്തോളം യുവതി തന്റെ വീട്ടില്‍ പ്രത്യേക ചടങ്ങുകള്‍ നടത്തിയിരുന്നു.
ഈ പ്രവചനം യുവതിയില്‍ വലിയ തോതിലുള്ള ഉത്കണ്ഠയ്ക്കും ഭാവിയെക്കുറിച്ചുള്ള ഭയത്തിനും കാരണമായതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ മാനസികാവസ്ഥ മനസ്സിലാക്കിയ വീട്ടുകാര്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
സംഭവം നടന്ന ദിവസം രാത്രി ഭക്ഷണത്തിന് ശേഷം യുവതി മുറിയിലേക്ക് പോയി. വൈകുന്നേരം അമ്മ പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് ജോലിയിലായിരിക്കും എന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ രാത്രി 8 മണിയോടെ അടുത്തുള്ള ക്ഷേത്രത്തില്‍ പോകാന്‍ അമ്മ വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.