CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 15 Seconds Ago
Breaking Now

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല; കലയും കലാകാരന്മാരും എന്നുമുതലാണ് കാണാന്‍ വയ്യാത്തവരായത്: തോമസ് ഐസക്കിന്റെ 'കോമാളി സ്ഥാനാര്‍ത്ഥി' പരാമര്‍ശത്തില്‍ മറുപടിയുമായി രമേഷ് പിഷാരടി

നേരിട്ടൊരു മറുപടി കൊടുക്കുന്നില്ല. ബഹുമാനവും സ്നേഹവും മാത്രം. അദ്ദേഹത്തിന് അങ്ങനെ പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേതെന്നും രമേഷ് പിഷാരടി പറഞ്ഞു.

തോമസ് ഐസക്കിന്റെ 'കോമാളി സ്ഥാനാര്‍ത്ഥി' പരാമര്‍ശത്തില്‍ മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. അദ്ദേഹത്തിന് ഒപ്പത്തിനൊപ്പം നിന്ന് പരാമര്‍ശങ്ങള്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കലയും കലാകാരന്മാരും ഇവര്‍ക്ക് എന്നുമുതലാണ് കാണാന്‍ വയ്യാത്തവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. നേരിട്ടൊരു മറുപടി കൊടുക്കുന്നില്ല. ബഹുമാനവും സ്നേഹവും മാത്രം. അദ്ദേഹത്തിന് അങ്ങനെ പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേതെന്നും രമേഷ് പിഷാരടി പറഞ്ഞു.

ആ സ്വാതന്ത്ര്യം താങ്കള്‍ക്കുമുണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് 'എനിക്ക് അതിനൊപ്പം സംസ്‌കാരവുമുണ്ട്' എന്നായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി. 'സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല. എന്നുമുതലാണ് കലയും കലാകാരന്മാരും ഇവര്‍ക്ക് എന്നുമുതലാണ് കാണാന്‍ വയ്യാത്തവരായത്. അവനവനൊപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെടേണ്ടവരാണെന്ന പ്രത്യയശാസ്ത്രം എങ്ങനെയാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. ഇത്രയും കാലം കുടുംബസദസിന് മുന്നില്‍ മാന്യമായാണ് നിന്നിട്ടുള്ളത്. അതേ മാന്യത രാഷ്ട്രീയത്തിലും തുടരണമെന്നും വരുന്ന തലമുറ നമ്മളെ കാണുമ്പോള്‍ ഇതൊരു മോശം ഇടമാണെന്ന് തോന്നാത്തവിധം സരസമായിരിക്കണമെന്ന് ആഗ്രഹിച്ചാണ് രാഷ്ട്രീയത്തിലേക്ക് വന്നത്' എന്നും രമേഷ് പിഷാരടി പറഞ്ഞു.

കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോയെന്നായിരുന്നു തോമസ് ഐസക് കഴിഞ്ഞ ദിവസം ചോദിച്ചത്. പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ സി വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു തോമസ് ഐസകിന്റെ പരാമര്‍ശം. പാലക്കാട് ഡീല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. കോ-ലീ-ബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണ്. കള്ളന്മാര്‍ മുന്‍പേ ഓടി കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുപറയുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.