
















അമേരിക്ക- ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍. 1510 കുട്ടികള്‍ക്ക് പരിക്കേറ്റു. ആരോഗ്യമന്ത്രി മുഹമ്മദ് റെസ സഫര്‍ഗന്‍ഡിയെ ഉദ്ദരിച്ച് ഐആര്‍ഐബിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇതുവരെ ആക്രമണത്തില്‍ 300ഓളം ആരോഗ്യകേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ഏകദേശം 2000ത്തിലേറെ പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
അതേസമയം ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഔദ് പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ശത്രുരാജ്യങ്ങള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്റെ എനര്‍ജി കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടയ്ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇപ്പോള്‍ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശത്രു ബന്ധമുള്ള കപ്പലുകള്‍ ഒഴികെയുള്ള എല്ലാം ഹോര്‍മൂസ് വഴി കടത്തിവിടാനാണ് ഇറാന്റെ തീരുമാനം.