
















യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി സമൂഹത്തെ സജീവമായി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി യു ഡിഎഫ് യൂറോപ്പ് സംഘടിപ്പിക്കുന്ന 'മീറ്റ് ദ കാന്‍ഡിഡേറ്റ്' പരിപാടി ഈ വരുന്ന ഞായറാഴ്ച (29/03/2026) ഇന്ത്യന്‍ സമയം രാത്രി 10ന് നടക്കും. യുകെ സമയം വൈകിട്ട് 4.30നും യൂറോപ്പ് സമയം വൈകിട്ട് 5.30നും ആരംഭിക്കുന്ന പരിപാടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സൂം വഴി സംഘടിപ്പിക്കപ്പെടും.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി സ്ഥിരം ക്ഷണിതാവും യു ഡി എഫ് ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനുമായ നേതാവുമായ രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വഹിക്കും. കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രമുഖ യു ഡിഎഫ് സ്ഥാനാര്‍ത്ഥികളും നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുകയും പ്രവാസി മലയാളികളുമായി നേരിട്ട് സംവദിക്കുകയും ചെയ്യും.
പങ്കെടുക്കുന്ന പ്രധാന നേതാക്കളില്‍ അന്‍വര്‍ സാദത്ത് (ആലുവ), വി എസ് ജോയ് (തവനൂര്‍), സന്ദീപ് വാര്യര്‍ (തൃക്കരിപ്പൂര്‍), കെ എം അഭിജിത്ത് (നാദാപുരം), മനോജ് മൂത്തേടന്‍ (പെരുമ്പാവൂര്‍), ഷിബു തെക്കുംപുറം (കോതമംഗലം), എ ഡി തോമസ് (ആലപ്പുഴ), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), പഴകുളം മധു (റാന്നി), എ.പി അനില്‍കുമാര്‍ (വണ്ടൂര്‍), അപ്പു ജോണ്‍ ജോസഫ് (തൊടുപുഴ), ആര്യാടന്‍ ഷൗക്കത്ത് (നിലമ്പൂര്‍), പി.കെ ബഷീര്‍ (എറനാട്), കെ പ്രവീണ്‍കുമാര്‍ (കൊയിലാണ്ടി), രമേശ് പിഷാരടി (പാലക്കാട്) എന്നിവര്‍ ഉള്‍പ്പെടുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍, മണ്ഡലങ്ങളിലെ പ്രധാന വിഷയങ്ങള്‍, വികസന കാഴ്ചപ്പാടുകള്‍ തുടങ്ങിയവയെക്കുറിച്ച് സ്ഥാനാര്‍ത്ഥികള്‍ പരിപാടിയില്‍ വിശദീകരിക്കും. പ്രവാസി സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നേരിട്ട് മറുപടി നല്‍കുന്നതിനുള്ള അവസരവും പരിപാടി ഒരുക്കുന്നുണ്ട്.
പ്രവാസി മലയാളികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ ഇടപെടലുകളിലൂടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് യു ഡി എഫ് യൂറോപ്പ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ്, കണ്‍വീനര്‍ സണ്ണി ജോസഫ് എന്നിവര്‍ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂം ലിങ്ക് വഴി പ്രവേശിക്കാം.
Zoom Link:
https://us06web.zoom.us/j/81109719244?pwd=BcabjEPC7SIbryFdYJuSy68QXtbL3b.1
Meeting ID: 811 0971 9244
Passcode: udfeurope
റോമി കുര്യാക്കോസ്