CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes Ago
Breaking Now

'പ്രചാരണത്തിന് കൂടുതല്‍ സ്പീക്കറുകള്‍ ഉപയോഗിച്ചു, ഗതാഗതം തടസപ്പെടുത്തി': ടിവികെ നേതാവ് വിജയ്ക്കെതിരെ കേസ്

വിജയ് ഉള്‍പ്പെടെ 500 പേര്‍ക്കെതിരെയാണ് പെരവല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്. വിജയ് ഉള്‍പ്പെടെ 500 പേര്‍ക്കെതിരെയാണ് പെരവല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതും അനുവദിച്ചതില്‍ കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചെന്നുമാണ് വിജയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ഇന്നലെയാണ് വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പെരമ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വിജയ് തന്നെ വിസില്‍ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പെരമ്പൂരില്‍ നിന്നും തിരുച്ചിറപ്പളളി ഈസ്റ്റില്‍ നിന്നുമാണ് വിജയ് ജനവിധി തേടുന്നത്.

തന്റെ സമ്പന്നമായ ജീവിതം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്നും പ്രഖ്യാപിച്ചാണ് വിജയ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുറന്ന വാഹനത്തില്‍ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തായിരുന്നു വിജയ് പ്രചാരണം ആരംഭിച്ചത്. ലഹരിമുക്തവും സ്വയംപര്യാപ്തവുമായി തമിഴ്നാടിനെ മാറ്റുമെന്നും സര്‍ക്കാര്‍ പരീക്ഷകള്‍ കാലതാമസമില്ലാതെ കൃത്യസമയത്ത് നടത്തുമെന്നും വിജയ് പ്രഖ്യാപിച്ചു. യുവജനക്ഷേമത്തിന്റെ ഭാഗമായി ബിരുദധാരികള്‍ക്ക് പ്രതിമാസം നാലായിരം രൂപയും ഡിപ്ലോമയുളളവര്‍ക്ക് രണ്ടായിരം രൂപയും ധനസഹായം നല്‍കുമെന്നും വിജയ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23-നാണ് തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമ്പാദ്യമുള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ടുള്ള സത്യവാങ്മൂലവും വിജയ് സമര്‍പ്പിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 183.53 കോടി രൂപയാണ് വിജയ്യുടെ വരുമാനം. ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയുമുള്ളതായി സത്യവാങ്മൂലം വ്യക്തമാക്കുന്നുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 500 കോടി രൂപയ്ക്ക് മുകളിലാണെന്ന് കാണാം. വിജയ്യുടെ ഭാര്യ സംഗീതയുടെ പേരില്‍ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്. ഭാര്യ സംഗീതയുടെ കൈവശമുള്ള പണം (1 ലക്ഷം രൂപ), വിവിധ ബാങ്ക് നിക്ഷേപങ്ങള്‍ (ഏകദേശം 53 ലക്ഷം രൂപയിലധികം), സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ എന്നിവയുടെയെല്ലാം ആകെ തുകയാണിത്. സംഗീതയുടെ പേരില്‍ 2.132 കിലോ വെള്ളി ആഭരണങ്ങളും ഏകദേശം രണ്ട് കോടിയിലധികം രൂപ മൂല്യമുള്ള സ്വര്‍ണ്ണാഭരണങ്ങളും ഉള്ളതായി സത്യവാങ്മൂലം വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.