CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 58 Seconds Ago
Breaking Now

പിതാവുമായുള്ള തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവര്‍ നാലു വയസ്സുകാരനെ കാലില്‍ തൂക്കിയെടുത്ത് തറയില്‍ അടിച്ചു ; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ മീരാ റോഡിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

പിതാവുമായുള്ള തര്‍ക്കത്തിനിടെ നാലു വയസ്സുകാരനെ കാലില്‍ തൂക്കിയെടുത്ത് തറയില്‍ അടിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പ്രതി സന്ദീപ് പവാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാല്‍ഘര്‍ ജില്ലയില്‍ വസായിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രതി കുട്ടിയെ കാലില്‍ തൂക്കിയെടുത്ത് തറയിലടിക്കുകയും ഇരുമ്പ് കമ്പിയില്‍ തലയിടിപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ മീരാ റോഡിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

പ്രതിയായ സന്ദീപ് പവാറും കുട്ടിയുടെ പിതാവ് അതുല്‍ കൊണ്ടാരെയും തമ്മില്‍ ചെറിയൊരു തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പക പോക്കുന്നതിനാണ് സന്ദീപ് കുട്ടിയെ ലക്ഷ്യം വെച്ചത്. സംഭവസമയം കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ കളിക്കുകയായിരുന്നു. അവിടെയെത്തിയ പ്രതി കുട്ടിയെ കാലുകളില്‍ പിടിച്ച് പൊക്കിയെടുത്ത് അതിശക്തമായി തറയിലടിച്ചു.തുടര്‍ന്ന് കുട്ടിയെയും കൊണ്ട് കെട്ടിടത്തിനുള്ളിലേക്ക് ഓടിയ പ്രതി, അവിടെയുണ്ടായിരുന്ന ഇരുമ്പ് കമ്പിയില്‍ കുട്ടിയുടെ തലയിടിപ്പിച്ചു. വീണ്ടും തറയിലേക്ക് എറിഞ്ഞ ശേഷമാണ് ഇയാള്‍ പിന്മാറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ സന്ദീപ് പവാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.