CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 27 Seconds Ago
Breaking Now

ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് പുതിയ യാത്രാപാതകള്‍ പ്രഖ്യാപിച്ച് ഇറാന്‍ ; മൈന്‍ ഭീഷണി മുന്നറിയിപ്പ്

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം കപ്പലുകള്‍ കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോള്‍ ഇറാന്‍ സൈന്യത്തിന്റെ ഏകോപനം തേടേണ്ടതാണ്

രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതായി ഇറാന്‍ അറിയിച്ചു. എന്നാല്‍, പ്രധാന കപ്പല്‍ ചാലുകളില്‍ കടല്‍ മൈനുകളുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കപ്പലുകള്‍ ബദല്‍ പാതകള്‍ സ്വീകരിക്കണമെന്ന് ഇറാന്‍ സൈന്യം നിര്‍ദ്ദേശിച്ചു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം കപ്പലുകള്‍ കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോള്‍ ഇറാന്‍ സൈന്യത്തിന്റെ ഏകോപനം തേടേണ്ടതാണ്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ യാത്രാക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇറാന്‍ സൈനിക വക്താക്കള്‍ വ്യക്തമാക്കി.

ഒമാന്‍ കടലില്‍ നിന്ന് ലാറക് ദ്വീപിന്റെ വടക്ക് ഭാഗത്തുകൂടി ഗള്‍ഫിലേക്ക് പ്രവേശിക്കാനും തിരികെ പോകുമ്പോള്‍ ലാറക് ദ്വീപിന്റെ തെക്ക് ഭാഗത്തുകൂടി സഞ്ചരിക്കാനുമാണ് നിര്‍ദ്ദേശം. സുരക്ഷാ കാരണങ്ങളാലാണ് ഈ മാറ്റമെന്ന് ഇറാന്‍ പറഞ്ഞു. തന്ത്രപ്രധാനമായ ഈ പാതയില്‍ പൂര്‍ണ്ണ നിയന്ത്രണം ഉറപ്പാക്കാനുള്ള നീക്കമാണിതെന്നാണ് സൂചന.

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാണ്. ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തണമെന്നതാണ് ഇറാന്റെ പ്രധാന നിബന്ധന. എന്നാല്‍ ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കം വെടിനിര്‍ത്തല്‍ കരാറിന്റെ പരിധിയില്‍ വരില്ലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിലപാട്. ലെബനനിലെ ആക്രമണത്തിന്റെ പേരില്‍ കരാറില്‍ നിന്ന് ഇറാന്‍ പിന്മാറിയാല്‍ അത് അവരുടെ തീരുമാനമാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കി.

ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ ലെബനനില്‍ 182 പേര്‍ കൊല്ലപ്പെടുകയും 900-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരാര്‍ ലംഘിക്കപ്പെട്ടുവെന്നും ചര്‍ച്ചകളുടെ അടിസ്ഥാനം തന്നെ തകര്‍ന്നുവെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് മാസം മുതല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടത് ആഗോള എണ്ണവിലയില്‍ വലിയ വര്‍ദ്ധനവിന് കാരണമായിരുന്നു. വെടിനിര്‍ത്തലോടെ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളും മൈന്‍ ഭീഷണിയും വിപണിയില്‍ വീണ്ടും ആശങ്ക പടര്‍ത്തുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.