CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 40 Minutes 38 Seconds Ago
Breaking Now

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് ബാലന്‍സ് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല; അസ്ഥികൂടവുമായി ബാങ്കിലെത്തി വൃദ്ധന്‍

കാക്രയുടെ അസ്ഥിക്കൂടം തുണിയില്‍ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം നടന്ന് വൃദ്ധന്‍ ബാങ്കിലെത്തിയ കാഴ്ച പലരെയും കണ്ണീരിലാഴ്ത്തി.

മരിച്ചുപോയ സഹോദരിയുടെ അസ്ഥിക്കൂടവുമായി ബാങ്കിലെത്തി വൃദ്ധന്‍. ഒഡിഷയിലെ കീയോഞ്ചാല്‍ ജില്ലയിലാണ് സംഭവം. പൊരിവെയിലില്‍ മൂന്ന് കിലോമീറ്ററോളം ചുമലില്‍ താങ്ങിയാണ് അസ്ഥിക്കൂടവുമായി ജിതു മുണ്ട മല്ലിപാസിയിലെ ഒഡിഷ ഗ്രാമീണ ബാങ്കിലെത്തിയത്.

രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന്റെ സഹോദരി കാക്ര മുണ്ട മരിച്ചത്. സഹോദരിയുടെ ബാങ്ക് അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്ന തുക പിന്‍വലിക്കാന്‍ എത്തിയ ജിതു മുണ്ടയ്ക്ക് പണം നല്‍കാന്‍ അധികൃതര്‍ ഉപാധികള്‍ വച്ചതോടെയാണ് മറ്റ് മാര്‍ഗമില്ലാതെ അദ്ദേഹം അസ്ഥിക്കൂടവും ചുമന്നെത്തിയത്.

കാക്രയുടെ മകനും ഭര്‍ത്താവും മുമ്പേ തന്ന മരിച്ചിരുന്നു. ആകെ ഉണ്ടായിരുന്ന ബന്ധു സഹോദരനായ ജിതുവാണ്. സഹോദരിയുടെ പണം പിന്‍വലിക്കാന്‍ എത്തിയ വൃദ്ധനോട് ഒന്നുകില്‍ അക്കൗണ്ട് ഉടമ നേരിട്ട് വരണം അല്ലെങ്കില്‍ പണത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകള്‍ വേണമെന്ന് ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടു.

ഗോത്ര വിഭാഗത്തില്‍പ്പെട്ട പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ജിതുവിന്റെ കൈയില്‍ കാക്രയുടെ മരണ സര്‍ട്ടിഫിക്കറ്റോ അവകാശം തെളിയിക്കുന്ന രേഖകളോ ഉണ്ടായിരുന്നില്ല. നിസഹായവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെയാണ് അദ്ദേഹം സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.

കാക്രയുടെ അസ്ഥിക്കൂടം തുണിയില്‍ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം നടന്ന് വൃദ്ധന്‍ ബാങ്കിലെത്തിയ കാഴ്ച പലരെയും കണ്ണീരിലാഴ്ത്തി. അതേസമയം ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടിയില്‍ പലരും പ്രതിഷേധിക്കുകയും ചെയ്തു. ബാങ്കിന് പ്രദേശത്തെ സര്‍പഞ്ചുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തിയോ കാര്യങ്ങള്‍ ഗ്രഹിച്ച് അദ്ദേഹത്തെ സഹായിക്കാമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ഒടുവില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്ത് ബാങ്കില്‍ നിന്നും പ്രതികരണം തേടുമെന്ന് പൊലീസ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.