
















ഇന്ത്യയെയും ചൈനയെയും നരകക്കുഴികള്‍ എന്ന് പരാമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ഇറാന്‍. അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിട്ടതിന് പിന്നാലെയാണ് ഇറാന്‍ രംഗത്തെത്തിയത്. മഹാരാഷ്ട്രയുടെ സമ്പന്നമായ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം രേഖപ്പെടുത്തുന്ന വീഡിയോ മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ പങ്കിട്ടു. മഹാരാഷ്ട്രയിലേക്ക് ഒരു യാത്ര യുഎസ് നേതാവിന് സാംസ്‌കാരിക വിഷ വിമുക്തമാക്കല്‍ ആയിരിക്കുമെന്ന് അവകാശപ്പെട്ടു.
ജന്മാവകാശ പൗരത്വത്തെ വിമര്‍ശിച്ച് വംശീയ പരാമര്‍ശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലാണ് കുടിയേറ്റ വിരുദ്ധ പരാമര്‍ശം പങ്കിട്ടത്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കം. കടുത്ത വലതുപക്ഷ നിരീക്ഷകനും റേഡിയോ അവതാരകനുമായ മിഖായേല്‍ സാവേജ് സോഷ്യല്‍മീഡിയയില്‍ എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കിട്ടത്. അമേരിക്കയില്‍ ജനിച്ചവര്‍ക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. ജന്മാവകാശ പൗരത്വത്തിന്റെ വ്യാഖ്യാനങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമാണെന്നും ചൈനയില്‍ നിന്നോ ഇന്ത്യയില്‍ നിന്നോ അല്ലെങ്കില്‍ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തില്‍ നിന്നോ മുഴുവന്‍ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കുന്നതാണെന്നും പോസ്റ്റ് പറയുന്നു.
ഇവിടെ ഒരു കുഞ്ഞ് ജനിച്ചാല്‍ പൗരത്വം ലഭിക്കുന്നു. പിന്നീട് അവര്‍ മുഴുവന്‍ കുടുംബത്തെയും ചൈനയില്‍ നിന്നോ ഇന്ത്യയില്‍ നിന്നോ അല്ലെങ്കില്‍ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തില്‍ നിന്നോ കൊണ്ടുവരുന്നു. അത് കാണാന്‍ നിങ്ങള്‍ അധികം ദൂരം പോകേണ്ടതില്ല. ഇവിടെ ഇപ്പോള്‍ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. ഇന്ന് വരുന്ന കുടിയേറ്റ വിഭാഗത്തില്‍ ഈ രാജ്യത്തോട് വിശ്വസ്തതയില്ലെന്നും പോസ്റ്റില്‍ പറയുന്നു.