
















ഡല്‍ഹിയിലെ അമര്‍ കോളനിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നാല് തലങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് മുന്‍ ജോലിക്കാരനായ രാഹുല്‍ മീണ വീട്ടില്‍ പ്രവേശിച്ചത് രഹസ്യ കോഡുകളും അധിക താക്കോലുകളും ഉപയോഗിച്ചാണെന്ന് പോലീസ് സംശയിക്കുന്നു.
ഐഐടി ബിരുദധാരിയും യുപിഎസ് സി ഉദ്യോഗാര്‍ത്ഥിയുമായ 22 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുന്‍പ് യുവതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
ഓരോ നിലയിലും ലോക്കുകളുള്ള ആക്‌സസ് പോയിന്റുകളും ലിഫ്റ്റ് എന്‍ട്രിയും ഉള്‍പ്പെടെ അതീവ സുരക്ഷയുള്ള വീടായിരുന്നു ഇത്. യുവതി ഉണ്ടായിരുന്ന മുറിയിലേക്ക് എത്താന്‍ കുറഞ്ഞത് നാല് പൂട്ടുകളെങ്കിലും തുറക്കേണ്ടതുണ്ട്. ഒരു മാസം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട രാഹുല്‍ മീണയ്ക്ക് ഈ കോഡുകളെക്കുറിച്ചും ജോലിക്കാര്‍ക്കായി വെച്ചിരുന്ന അധിക താക്കോലുകളെക്കുറിച്ചും അറിവുണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് ഇയാള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അകത്തുകയറിയതെന്ന് പോലീസ് കരുതുന്നു.
അന്വേഷണത്തില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രാവിലെ 6.28ന് മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് പ്രതി സമുച്ചയത്തില്‍ പ്രവേശിക്കുന്നു. രാവിലെ 7.22ന് ഇയാള്‍ തിരികെ പോകുന്നു. എന്നാല്‍ ഈ സമയത്ത് വസ്ത്രം മാറി വെള്ള പാന്റും മഞ്ഞ ടി-ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കൂടെ ഒരു ബാഗും ഉണ്ടായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ദ്വാരകയിലെ ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ മീണയെ പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
രാവിലെ എട്ട് മണിയോടെ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മകളുടെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.