
















പശ്ചിമ ബംഗാളിലെ ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയും വെറും 100 മീറ്റര്‍ അകലത്തില്‍ നടത്തിയ റാലികള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. മമത ബാനര്‍ജിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയില്‍ ബിജെപി റാലിയില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഇതില്‍ പ്രതിഷേധിച്ച് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിയ മമത ജനങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് വേദി വിട്ടു. തുടര്‍ന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ബിജെപി റാലി നടക്കുന്ന സ്ഥലത്ത് എത്തിയതോടെ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും തുടങ്ങി. തുടര്‍ന്ന് പൊലീസ് ഇടപെട്ടു.
സംഘര്‍ഷം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന സുവേന്ദു അധികാരി, ഈ കുഴപ്പങ്ങള്‍ക്ക് കാരണം മമത ബാനര്‍ജിയാണെന്ന് ആരോപിച്ചു. തൃണമൂലിന്റെ ഗുണ്ടാരാജിന് ബിജെപി അര്‍ഹമായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വി ഭയന്നാണ് മമത സംയമനം നഷ്ടപ്പെട്ട് പെരുമാറുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും കുറ്റപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. സുവേന്ദു അധികാരി ഭവാനിപൂരിന് പുറമെ നന്ദിഗ്രാമില്‍ നിന്നും ജനവിധി തേടുന്നുണ്ട്.