
















മോഡലിംഗിന്റെ മറവില്‍ യുവതികളെ ദുബായിലെത്തിച്ച് മയക്കുമരുന്ന് നല്‍കി പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ ബിലാലിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. കേസിലെ മുഖ്യസൂത്രധാരനാണ് ഇയാളെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എസ് ശ്രീകുമാര്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. പലസ്ഥലങ്ങളില്‍ പല പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നതെന്നാണ് വിവരം.
ആലപ്പുഴ സ്വദേശിയായ ശ്രീകുമാരിനെ ബിലാലിക്ക എന്നാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍ വിളിച്ചിരുന്നത്. യുവതികളെ ദുബായില്‍ എത്തിക്കുന്നതിന് 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെ കമ്മീഷന്‍ വാങ്ങിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇതിന്റെ തെളിവുകള്‍ ലഭിച്ചു.
ദുബായില്‍ മികച്ച അവസരങ്ങളുണ്ടെന്ന് പരാതിക്കാരിയുടെ വീട്ടുകാരോട് പറഞ്ഞത് ബിലാലാണ്. ഈ കേസിലെ മൂന്നാം പ്രതി മഞ്ജിമയേയും പരാതിക്കാരിയേയും സിന്ധുവിന് പരിചയപ്പെടുത്തിയതും ഇയാളാണ്. ബിലാലും രണ്ടാം പ്രതി ഷംലയും മഞ്ജിമയും ചേര്‍ന്നാണ് പരാതിക്കാരിയെ ദുബായിലേക്ക് കൊണ്ടുപോയത്. യുവതികളെ ദുബായില്‍ എത്തിക്കുന്നതിന് എണ്ണത്തിനനുസരിച്ച് ബിലാലിന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
സിന്ധുവിന് വേണ്ടി യുവതികളെ ദുബായിലേക്ക് കടത്തുന്നയാളാണ് ബിലാല്‍ എന്ന് വ്യക്തമായിട്ടുണ്ട്. ഒരുപാട് യുവതികളെ ദുബായിലേക്ക് കയറ്റിയയച്ചിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായും പൊലീസ് പറയുന്നു. ബലമായി ലഹരിമരുന്ന് നല്‍കിയ ശേഷം നിരവധി പേര്‍ക്ക് ലൈം?ഗികാവശ്യത്തിനായി കൈമാറിയെന്നാണ് വിവരം. പീഡനദൃശ്യങ്ങള്‍ പരാതിക്കാരിയുടെ കുടുംബത്തിന് അയച്ചുനല്‍കിയതായും ആരോപണമുണ്ട്.
കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ, നാലാം പ്രതി അലീന, ആറാം പ്രതി ബിലാല്‍ എന്ന ശ്രീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതിയായ ഷംല, അഞ്ചാം പ്രതി റഹ്‌മത്ത് എന്നിവര്‍ ഒളിവിലെന്നാണ് വിവരം.