CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 21 Minutes 24 Seconds Ago
Breaking Now

ആസിഡ് കുടിച്ച സമയത്തുപോലും അവളെ ആശുപത്രിയില്‍ എത്തിക്കാനുള്ള മനസ്സാക്ഷി അവര്‍ കാണിച്ചില്ല, ഭര്‍തൃവീട്ടിലെ ക്രൂര പീഡനമാണ് യുവതിയുടെ മരണകാരണമെന്ന് കുടുംബം

കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളും മഹറായി ലഭിച്ച മാലയുമടക്കം ഭര്‍ത്താവ് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സുഫൈദയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചര്‍ളടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇന്ന് വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് സുഫൈദയ്ക്ക് ഈ ഗതികേടുണ്ടായത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും സുഫൈദയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയുമാണ്.

കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളും മഹറായി ലഭിച്ച മാലയുമടക്കം ഭര്‍ത്താവ് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സുഫൈദയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന്റെ പേരില്‍ സുഫൈദയെ ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസവും സ്വര്‍ണത്തെച്ചൊല്ലി ഭര്‍തൃവീട്ടില്‍ വലിയ തര്‍ക്കം നടന്നിരുന്നു. അന്ന് സുഫൈദയെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിക്കുകയും, പീഡനവിവരം പുറത്തറിയിക്കാതിരിക്കാന്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ വെച്ചുതന്നെ സുഫൈദ ആസിഡ് കുടിച്ചത്.

'മര്‍ദനത്തെക്കുറിച്ച് പുറത്താരും അറിയാതിരിക്കാനാണ് അവര്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചത്. കടുത്ത പീഡനമാണ് ആ വീട്ടില്‍ നടന്നത്. ആസിഡ് കുടിച്ച സമയത്തുപോലും അവളെ ആശുപത്രിയില്‍ എത്തിക്കാനുള്ള മനസ്സാക്ഷി അവര്‍ കാണിച്ചില്ല. 'നീ ഇതിനെല്ലാം അനുഭവിക്കും, അനുഭവിച്ചോ' എന്ന നിലപാടില്‍ അവര്‍ മാറിനില്‍ക്കുകയാണ് ചെയ്തത്.' - ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സാധാരണ സൗന്ദര്യപ്പിണക്കങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നതെന്നാണ് കരുതിയിരുന്നതെന്നും, എന്നാല്‍ ഇത്രയും ദയനീയമായ അവസ്ഥയിലൂടെയാണ് സുഫൈദ കടന്നുപോയതെന്ന് അറിഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.