
















കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയുടെ പേര് പരാമര്‍ശിച്ച് ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമര്‍ശനവുമായി ടിവികെ, ബിജെപി നേതാക്കള്‍.
തഞ്ചാവൂരില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും ഡിഎംകെയ്‌ക്കെതിരെ കള്ളക്കേസെടുക്കുന്നതിലാണ് ശ്രദ്ധയെന്നുമാണ് ഉദയനിധി ആരോപിച്ചത്. ഇതിനിടെ സദസ്സില്‍ നിന്നും പ്രവര്‍ത്തകര്‍ 'തൃഷ, തൃഷ' എന്ന് ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങി. തുടര്‍ന്ന് പ്രസംഗം നിര്‍ത്തി ചിരിച്ചുകൊണ്ട് ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഉദയനിധിയുടേത് 'അങ്ങേയറ്റം അറപ്പുളവാക്കുന്നതും തരംതാഴ്ന്നതുമായ' പ്രയോഗമാണെന്ന് ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ വിശേഷിപ്പിച്ചു. ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയക്കാരുടെ സംസ്‌കാര ശൂന്യതയെയും നിലവാരത്തകര്‍ച്ചയെയുമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദ്വയാര്‍ഥ പ്രയോഗത്തിലൂടെ സ്ത്രീകളെ അവഹേളിച്ച ഉദയനിധി സ്റ്റാലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന മുഖ്യ വക്താവ് നാരായണന്‍ തിരുപ്പതി ആവശ്യപ്പെട്ടു. പൊതുവേദിയില്‍ ഇത്തരം അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ അത് കണ്ടുനില്‍ക്കുന്നത് ലജ്ജാകരമാണെന്നും സഭാധ്യക്ഷന്മാരും ഭരണകൂടവും ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.