CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 49 Seconds Ago
Breaking Now

ഹരിയാനയിലെ സ്‌കൂളില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി; ശരീരത്തില്‍ 27 തവണ കുത്തി ; പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട് 21-കാരനായ അമിത്തിനെ പോലീസ് രണ്ട് മണിക്കൂറിനകം അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ ഫരീദാബാദില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ സ്‌കൂള്‍ പരിസരത്ത് വെച്ച് പകല്‍വെളിച്ചത്തില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവം നടുക്കം സൃഷ്ടിച്ചു. സിക്രോണ ഗ്രാമത്തിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ 29-കാരി സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 21-കാരനായ അമിത്തിനെ പോലീസ് രണ്ട് മണിക്കൂറിനകം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പോലീസ് അറിയിച്ചത്.

പോലീസിന്റെ വിവരമനുസരിച്ച്, പതിവുപോലെ രാവിലെ 9.30ഓടെ സ്‌കൂളിലെത്തിയ സന്ധ്യയെ കാണണമെന്ന് ആവശ്യപ്പെട്ട് മുഖം വെള്ളത്തുണികൊണ്ട് മൂടിയ നിലയില്‍ അമിത് സ്‌കൂളിലെത്തി. സന്ദര്‍ശകനുണ്ടെന്ന് സ്‌കൂള്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സന്ധ്യ പ്രധാന കവാടത്തിലെത്തിയപ്പോള്‍ പ്രതി ആക്രമണം നടത്തുകയായിരുന്നു.

കത്തിയുമായി സന്ധ്യയെ പിന്തുടര്‍ന്ന് നിരവധി തവണ കുത്തിക്കൊന്നതായി പോലീസ് പറഞ്ഞു. ഇരുപതിലധികം കുത്തേറ്റതായും, പ്രാഥമിക വിവരങ്ങള്‍ പ്രകാരം 27 തവണ വരെ കുത്തേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഖം, കഴുത്ത്, നെഞ്ച്, വയര്‍ എന്നിവിടങ്ങളിലാണ് ഗുരുതര പരിക്കുകളുണ്ടായത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നിരവധി മിനിറ്റുകള്‍ സ്‌കൂള്‍ പരിസരത്ത് സംശയാസ്പദമായി നിന്ന ശേഷമാണ് പ്രതി ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സന്ധ്യ ശ്രമിക്കുന്നതും പ്രതി പിന്തുടര്‍ന്ന് വീണ്ടും വീണ്ടും കുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. നിലത്തുവീണ ശേഷവും ആക്രമണം തുടരുന്നതായും വീഡിയോയില്‍ വ്യക്തമാണ്.

സംഭവം സ്‌കൂളിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് സുരക്ഷാ ജീവനക്കാരെ കാണാനില്ലെന്നും, ഏറെ നേരം സംശയാസ്പദമായി നിന്ന പ്രതിയെ ആരും ചോദ്യം ചെയ്തില്ലെന്നുമാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

സംഭവത്തിന്റെ കൂടുതല്‍ അന്വേഷണം പോലീസ് തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.