
















നീറ്റ് പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശം നടത്തിയ പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ ഭീഷണി തുടരുന്നു. സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞിട്ടും തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും അയവില്ലെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഭീഷണിയെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ഇതിനോടകം മൂന്ന് വീടുകള്‍ മാറിത്താമസിക്കേണ്ടി വന്നതായും കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെട്ട സ്ഥിതിയിലാണെന്നും അമ്മ പറയുന്നു.
സംഭവത്തില്‍ കുട്ടിയോട് ക്ഷമിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കിയ കാര്യവും കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, പോലീസില്‍ നിന്ന് തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നതായും കുട്ടിയുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. പെണ്‍കുട്ടിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നിരിക്കെ, കുട്ടിയെ മനഃപൂര്‍വം ഉന്നം വെക്കുന്നതിനായി 25 വയസ്സുള്ള ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണെന്ന തരത്തില്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.