
















ഇന്‍സ്റ്റഗ്രാം റീലുകളെ ചൊല്ലിയ വിവാദവും സ്വകാര്യ സ്‌കൂളിനെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണവും മാസങ്ങളായുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ ട്രോളിങ്ങിനും ഒടുവില്‍ തെലങ്കാനയിലെ സര്‍ക്കാര്‍ അധ്യാപിക ജോലി രാജിവച്ചു.തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മമില്ലഗുഡേം ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് സ്‌കൂള്‍ അസിസ്റ്റന്റായിരുന്ന ഭുക്യ ഗൗതമിയാണ് രാജിവെച്ചത്. സര്‍ക്കാര്‍ സേവനം അവസാനിപ്പിക്കുന്നതായി അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ വീഡിയോയിലൂടെയാണ് അറിയിച്ചത്.
വിമര്‍ശനങ്ങളും അപമാനവും തുടര്‍ച്ചയായ മാനസിക സമ്മര്‍ദവും ഇനി താങ്ങാനാകില്ലെന്ന് വീഡിയോയില്‍ ഗൗതമി പറഞ്ഞു. ഏകദേശം 12 വര്‍ഷമായി ആത്മാര്‍ഥതയോടെ അധ്യാപികയായി സേവനമനുഷ്ഠിച്ചെങ്കിലും സമീപ മാസങ്ങളിലെ സംഭവവികാസങ്ങള്‍ തന്നെ തകര്‍ത്തുവെന്നും അവര്‍ വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരിയിലായിരുന്നു വിവാദത്തിന് തുടക്കമായത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ഒരു സ്വകാര്യ സ്‌കൂളിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിച്ചെന്നും സര്‍ക്കാര്‍ സ്‌കൂളിലെ ഔദ്യോഗിക ചുമതലകള്‍ കൃത്യമായി ചെയ്തില്ലെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഗൗതമിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ ഗൗതമി നിഷേധിച്ചു. വിവാദമായ റീലുകള്‍ വീട്ടില്‍വെച്ചാണ് ചിത്രീകരിച്ചതെന്നും അവ സ്‌കൂള്‍ സമയത്തോ സ്‌കൂള്‍ പരിസരത്തോ ചിത്രീകരിച്ചതല്ലെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളിലെ ജോലിയില്‍ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെന്നും മുഴുവന്‍ ആത്മാര്‍ഥതയോടെയാണ് സേവനം അനുഷ്ഠിച്ചതെന്നും അവര്‍ ആവര്‍ത്തിച്ചു.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വീണ്ടും നിയമനമുണ്ടായ ശേഷവും ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്ന് തുടര്‍ച്ചയായി അപമാനവും പീഡനവും നേരിടേണ്ടിവന്നതായി രാജി പ്രഖ്യാപന വീഡിയോയില്‍ ഗൗതമി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.