
















കണ്ണൂര്‍ പൊയ്ത്തുംകടവില്‍ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കല്ല്യാണം കഴിഞ്ഞ് 8 മാസമാകും മുന്‍പെ റിസ ജീവനൊടുക്കിയത് ഭര്‍ത്താവ് ആസിഫിന്റെ പീഡനം കാരണമാണെന്നും ആസിഫ് ലഹരി ഉപയോഗിക്കുന്നത് റിസ കണ്ടു, ഇതുള്‍പ്പെടെ ആത്മഹത്യക്ക് കാരണമായി, റിസ സുഹൃത്തിന് അയച്ച ഓഡിയോ മെസേജില്‍ എല്ലാം വ്യക്തമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിദേശത്തേക്ക് കടന്ന ആസിഫിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. റിസ മരിച്ച ദിവസം തന്നെ ആസിഫ് വിദേശത്തേക്ക് കടന്നിരുന്നു. റിസയുടെ മുറിയില്‍ നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പും, കൂട്ടുകാരിക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളും ചൂണ്ടിക്കാട്ടിയാണ് വീട്ടുകാരുടെ ആരോപണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസ ജീവനൊടുക്കിയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആസിഫിനെ പ്രതി ചേര്‍ത്ത് വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. മുന്‍പ് ഭര്‍തൃവീട്ടില്‍ വെച്ചും റിസ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന ആസിഫ് മാസത്തില്‍ പല തവണ നാട്ടിലെത്തുമായിരുന്നെന്നും ഒന്നോ രണ്ടോ ദിവസം നിന്ന ശേഷം തിരികെ മടങ്ങുമെന്നും ഇതില്‍ സംശയങ്ങളുണ്ടെന്നും റിസയുടെ മരണത്തിന് ശേഷം നാട്ടുകാരും പ്രതികരിച്ചു.