
















വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അണക്കെട്ടില്‍ കുളിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അണക്കെട്ടില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
താനാഗാസിയിലെ റൗബാവി പദക് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലാല്‍ചന്ദ് മീണയെയാണ് സസ്പെന്‍ഡ് ചെയ്തത്. മീണയും സ്‌കൂളിലെ വിദ്യാര്‍ഥിനികളോടൊപ്പമുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പെരുമാറ്റച്ചട്ടത്തിന്റെ പ്രാഥമിക ലംഘനമാണ് പ്രിന്‍സിപ്പലിന്റെ നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. സംഭവത്തില്‍ രാജസ്ഥാന്‍ സിവില്‍ സര്‍വീസസ് പ്രകാരം വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. സസ്പെന്‍ഷന്‍ കാലയളവില്‍ മീണയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് ബിക്കാനീറിലെ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 15-ന് 200-ലധികം വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂളില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള അണക്കെട്ടിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. അണക്കെട്ടില്‍ ഏകദേശം 11 അടി വെള്ളമുണ്ടായിരുന്നെന്നും മുങ്ങിമരണ സാധ്യത കണക്കിലെടുത്ത് അവിടെ കുളിക്കുന്നത് നിരോധിച്ചിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.
സന്ദര്‍ശനത്തിനിടെ ചില വിദ്യാര്‍ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായതെന്നാണ് വിവരം.