
















വടക്കന്‍ ഡല്‍ഹിയിലെ രൂപ് നഗറില്‍ 74കാരന്റെ വീട്ടില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ആയുധധാരികളുടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് 54കാരിയായ സ്ത്രീയുള്‍പ്പെടെ മൂന്ന് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ മകനും മറ്റൊരു കൂട്ടാളിയുമാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍.
പരാതിക്കാരന്റെ വീട്ടില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീ, കുടുംബത്തെക്കുറിച്ചും വീട്ടില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചുമുള്ള വിവരങ്ങള്‍ മകനും കൂട്ടാളികള്‍ക്കും കൈമാറിയെന്നാണ് പോലീസിന്റെ സംശയം.
500ലേറെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി ഏകദേശം 1,000 കിലോമീറ്റര്‍ ദൂരം പ്രതികളെ പിന്തുടര്‍ന്നുമാണ് അന്വേഷണം മുന്നോട്ടുപോയത്. 13 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സരോജ്, ഇവരുടെ മകന്‍ മനോജ് എന്ന ലാല (28), രാജീവ് എന്ന രാമു (25) എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് ഏഴിന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്. ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റ വീട്ടുടമ വാട്ടര്‍ ടാങ്കില്‍ വെള്ളമില്ലെന്ന് മനസ്സിലാക്കി. വെള്ളം പമ്പ് ചെയ്യുന്നതിനായി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രധാന വാതില്‍ തുറന്നതോടെ ആയുധധാരികളായ നാലുപേര്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകയറി. തുടര്‍ന്ന് വയോധികനെയും ഭാര്യയെയും ബന്ദികളാക്കി കവര്‍ച്ച നടത്തുകയായിരുന്നു.
ഏകദേശം 10 ലക്ഷം രൂപയും സ്വര്‍ണ, വെള്ളി ആഭരണങ്ങളും പ്രതികള്‍ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. വീടിന്റെ സിസിടിവി ഡിവിആറും പ്രതികള്‍ കൊണ്ടുപോയി.