CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 23 Seconds Ago
Breaking Now

ജിഎസ്എല്‍വി എഫ്17 വിജയകരം; ബഹിരാകാശ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ ഗംഭീര തിരിച്ചുവരവ്

ജനുവരിയിലെ പിഎസ്എല്‍വി സി62 ദൗത്യത്തിന്റെ പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആര്‍ഒ വിക്ഷേപണമാണിത്

ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി എഫ്17 വിജയകരമായി വിക്ഷേപിച്ചു. സെപ്റ്റംബര്‍ 4ന് പുലര്‍ച്ചെ 2.55ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ജിഎസ്എല്‍വിയുടെ 19-ാമത് ദൗത്യമായ ഇത്, എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒയുടെ വിജയകരമായ തിരിച്ചുവരവായി. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിച്ചത്.

ജനുവരിയിലെ പിഎസ്എല്‍വി സി62 ദൗത്യത്തിന്റെ പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആര്‍ഒ വിക്ഷേപണമാണിത്. 27 മണിക്കൂര്‍ 30 മിനിറ്റ് നീണ്ട കൗണ്ട്ഡൗണ്‍ കഴിഞ്ഞ ദിവസം രാത്രി 11.25ന് ആരംഭിച്ചിരുന്നു. ഇഒഎസ്-5 എന്ന കോഡ് നാമമുള്ള ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വണ്‍ എ രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളില്‍ നിര്‍ണായക സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷ. ഭൂസ്ഥിര പരിക്രമണപഥത്തില്‍ നിന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മുഴുവന്‍ സമയവും നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം.

2021 ഓഗസ്റ്റ് 12ന് ഇതേ ഉപഗ്രഹത്തെ വിക്ഷേപിക്കാന്‍ നടത്തിയ ജിഎസ്എല്‍വി എഫ്10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരമായി നിര്‍മിച്ച പുതിയ പേടകമാണ് ഇപ്പോള്‍ വിക്ഷേപിച്ചത്. 2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലെത്തിക്കാന്‍ ജിഎസ്എല്‍വിക്ക് കഴിയാത്തതിനാല്‍, അതിന് അല്‍പ്പം താഴെയുള്ള ഭ്രമണപഥത്തിലാണ് റോക്കറ്റും ഉപഗ്രഹവും വേര്‍പെട്ടത്. ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് പിന്നിടും.

പിഎസ്എല്‍വി പരാജയത്തിന് പിന്നാലെ ഐഎസ്ആര്‍ഒയുടെ മറ്റ് ദൗത്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ജിഎസ്എല്‍വി ദൗത്യം നടത്താന്‍ ശ്രമിച്ചെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനാല്‍ നീളുകയായിരുന്നു. പരാജയപ്പെട്ട പിഎസ്എല്‍വിയുടെ മൂന്നാം ഘട്ടവുമായി നേരിട്ട് ബന്ധപ്പെട്ട ഘടകങ്ങളൊന്നും ജിഎസ്എല്‍വിയില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. ദൗത്യം വിജയിച്ചതോടെ ഗഗന്‍യാന്റെ ആദ്യ ആളില്ലാ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ക്കും വേഗം കൂടും. ഈ കലണ്ടര്‍ വര്‍ഷം തന്നെ ആദ്യ ഗഗന്‍യാന്‍ ദൗത്യം നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു. മാര്‍ച്ചിന് മുമ്പ് ആറ് വിക്ഷേപണങ്ങള്‍ കൂടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.