
















കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച പതിനേഴുകാരനെ തെരുവ് നായ്ക്കള്‍ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വ്യാഴാഴ്ച പുലര്‍ച്ചെ തുടിയലൂരിന് സമീപം റെയില്‍വേ മേല്‍പ്പാലത്തിന്റെ സര്‍വീസ് റോഡിലാണ് സംഭവം നടന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അതേ ദിവസം തന്നെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോലീസ് പറയുന്നതനുസരിച്ച്, രണ്ട് തെരുവ് നായ്ക്കള്‍ക്ക് സമീപം റോഡരികിലിരുന്ന യുവതിയുടെ അടുത്തേക്ക് മദ്യലഹരിയിലായിരുന്ന പതിനേഴുകാരന്‍ എത്തുകയായിരുന്നു. യുവതിയോട് സംസാരിച്ച ശേഷം ഒരു കല്ലെടുത്ത് നായ്ക്കളെ ഓടിക്കാന്‍ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നായ്ക്കള്‍ അല്പം മാറി നിന്നെങ്കിലും പതിനേഴുകാരന് നേരെ തുടര്‍ച്ചയായി കുരയ്ക്കുന്നുണ്ടായിരുന്നു.
തുടര്‍ന്ന് പതിനേഴുകാരന്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി സഹായത്തിനായി നിലവിളിച്ചതോടെ രണ്ട് നായ്ക്കളും കൂട്ടത്തോടെ പ്രതിയുടെ മേല്‍ ചാടുകയും കാലില്‍ കടിച്ച് വലിച്ചകറ്റുകയും ചെയ്തു.
ഇതോടെ ഭയന്നോടിയ പതിനേഴുകാരനെ നായ്ക്കളിലൊന്ന് കുറേദൂരം പിന്‍തുടര്‍ന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.