
















അമേരിക്കയില്‍ എച്ച്-1ബി വിസയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പുതിയ തൊഴില്‍ കണ്ടെത്താന്‍ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികള്‍ക്ക് ഉടന്‍ രാജ്യം വിടേണ്ട സാഹചര്യമുണ്ടാകും. തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളെയാകും.
എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. വിദേശ തൊഴിലാളികളെ വലിയ തോതില്‍ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കന്‍ ഐടി കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയാകും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താനുള്ള നിലവിലെ അവസരം ഇല്ലാതാകുന്നതോടെ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും അധിക സമ്മര്‍ദമുണ്ടാകും.
വിദേശ തൊഴിലാളികളുടെ ഒഴിവുകളിലേക്ക് കൂടുതല്‍ അമേരിക്കന്‍ പൗരന്മാരെ നിയമിക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് പിന്നിലെ ലക്ഷ്യം. എച്ച്-1ബി വിസ സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ പ്രൊഫഷണലുകളെ ഇത് നേരിട്ട് ബാധിച്ചേക്കും.