CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 50 Seconds Ago
Breaking Now

പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുന്‍ രാഷ്ട്രീയനേതാവുമായ ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു

വാശിയേറിയതും അത്യന്തം ആകാംഷ നിറഞ്ഞതുമായ ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ആര്‍ച്ചറുടെ പുസ്തകങ്ങള്‍ ലോകമെമ്പാടുമായി 30 കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്

ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുന്‍ രാഷ്ട്രീയനേതാവുമായ ജെഫ്രി ആര്‍ച്ചര്‍ (86) അന്തരിച്ചു. വാശിയേറിയതും അത്യന്തം ആകാംഷ നിറഞ്ഞതുമായ ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ആര്‍ച്ചറുടെ പുസ്തകങ്ങള്‍ ലോകമെമ്പാടുമായി 30 കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. 'നോട്ട് എ പെന്നി മോര്‍, നോട്ട് എ പെന്നി ലെസ്', 1979-ല്‍ പുറത്തിറങ്ങിയ 'കെയ്ന്‍ ആന്റ് ആബെല്‍' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നോവലുകളില്‍ ചിലതാണ്. അദ്ദേഹത്തിന്റെ പുതിയ നോവലായ 'ആദം ആന്റ് ഈവ്' ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

തലമുറകളോളം വായനക്കാര്‍ക്ക് ആവേശം പകര്‍ന്ന മികച്ചൊരു എഴുത്തുകാരനെയും പ്രിയപ്പെട്ട ഒരു സുഹൃത്തിനെയുമാണ് തങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നതെന്ന് ഹാര്‍പ്പര്‍ കോളിന്‍സ് യുകെ സി.ഇ.ഒയും ആര്‍ച്ചറുടെ എഡിറ്ററുമായ കേറ്റ് എല്‍ട്ടണ്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

1940 ഏപ്രില്‍ 15-ന് വടക്കന്‍ ലണ്ടനില്‍ ജനിച്ച ആര്‍ച്ചര്‍ പിന്നീട് സോമര്‍സെറ്റിലെ വെസ്റ്റണ്‍-സൂപ്പര്‍-മേയറിലേക്ക് മാറുകയായിരുന്നു. 1969-ല്‍ ലൗത്ത് മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അഞ്ച് വര്‍ഷത്തെ പാര്‍ലമെന്ററി സേവനത്തിന് ശേഷം, 1980-കളുടെ മധ്യത്തില്‍ അന്നത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ ഭരണകാലത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനായി അദ്ദേഹം നിയമിതനായി.

എന്നാല്‍, വിവാദ കേസില്‍ പ്രതിയായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയേറ്റു. 'ദി സ്റ്റാര്‍' പത്രത്തിനെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2001-ല്‍ അദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചു. ശിക്ഷ പൂര്‍ത്തിയാക്കി 2003-ല്‍ ജയില്‍ മോചിതനായ ശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, 2024-ല്‍ വിരമിക്കുന്നതുവരെ അംഗമായി തുടര്‍ന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.