
















ഫ്‌ലൈ ദുബായ് വിമാനത്തില്‍ ആക്രമണം നടത്തിയ സഹ പൈലറ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് സിഎന്‍എന്‍. അക്രമം നടത്തിയ സഹ പൈലറ്റ് ഹമാം അല്‍-ഹമ്മാമി എന്ന ഒമാനി പൗരനെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഇയാള്‍ ഒമാന്‍ എയറില്‍ ഏഴ് വര്‍ഷം ജോലി ചെയ്തുവെന്ന് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ പറയുന്നു.
ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. 2025 ജൂണില്‍ റോയല്‍ എയര്‍ മൊറോക്കോയില്‍ ചേര്‍ന്നു. ഈ വര്‍ഷം ആദ്യമാണ് റോയല്‍ എയര്‍ വിട്ട് ഫ്‌ലൈ ദുബായില്‍ എത്തിയത്. എന്നാല്‍ സഹപൈലറ്റിനെ സംബന്ധിച്ചും ഇയാള്‍ എന്തിന് വിമാനത്തില്‍ ആക്രമണം നടത്തി എന്നത് സംബന്ധിച്ചും ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.
ഹമാം അല്‍-ഹമ്മാമിയുടെ പിതാവ് ഒമാന്‍ പൌരനാണ്. മാതാവ് സിറിയക്കാരിയും. ഇയാള്‍ തീവ്ര നിലപാടുകളുള്ള വ്യക്തിയായിരുന്നുവെന്ന് സാമൂഹിക മാധ്യമ അക്കൌണ്ടുകളിലെ പോസ്റ്റുകള്‍ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്‍ എയറില്‍ ആയിരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് ജോലിയില്‍ നിന്ന് ഇയാളെ മാറ്റിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇയാള്‍ ജോലി ഉപേക്ഷിച്ചുപോയി. അതിനു ശേഷമാണ് റോയല്‍ എയര്‍ മൊറോക്കോയില്‍ ചേര്‍ന്നത്. ഫ്‌ലൈ ദുബായില്‍ എത്തിയിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. സൗദി അധികൃതരും ഇസ്രയേലി ഉദ്യോഗസ്ഥരും അക്രമിയെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം എന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആഗോള തലത്തില്‍ വിമാനയാത്രാ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതോടെ പൈലറ്റുമാരെ നിയമിക്കുന്നതില്‍ കൂടുതല്‍ കര്‍ശനമായ നിരീക്ഷണങ്ങള്‍ ഉണ്ടായേക്കും. വിമാന കമ്പനികള്‍ പിരിച്ചു വിടുന്ന പൈലറ്റുമാരെ സംബന്ധിച്ചുള്ള പ്രത്യേക ഡാറ്റ സംവിധാനം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.