CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 16 Seconds Ago
Breaking Now

ഉമ്മന്‍ ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയല്ല, ഉണ്ണിത്താന്റെ വിമര്‍ശനത്തില്‍ എ ഗ്രൂപ്പിന് അതൃപ്തി; കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

മുഖ്യമന്ത്രിക്കുവേണ്ടിയാണ് ഉണ്ണിത്താന്‍ വിമര്‍ശനവുമായി രംഗത്തെത്തിയതെന്നാണ് എ ഗ്രൂപ്പിന്റെയും കെസി പക്ഷത്തിന്റെയും വിലയിരുത്തല്‍.

ഷാഫി പറമ്പിലിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയല്ലെന്നാണ് ഗ്രൂപ്പിന്റെ നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം കൂടി വിഷയത്തില്‍ പ്രതികരിച്ച പശ്ചാത്തലത്തില്‍ കരുതലോടെ നീങ്ങാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. മുഖ്യമന്ത്രിക്കുവേണ്ടിയാണ് ഉണ്ണിത്താന്‍ വിമര്‍ശനവുമായി രംഗത്തെത്തിയതെന്നാണ് എ ഗ്രൂപ്പിന്റെയും കെസി പക്ഷത്തിന്റെയും വിലയിരുത്തല്‍.

അതേസമയം, എ ഗ്രൂപ്പിന്റെ ഡല്‍ഹി നീക്കങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിഡി പക്ഷത്തിന്റെ ആരോപണം. ഗ്രൂപ്പ് തലത്തിലുള്ള ഇടപെടലുകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും ഇവര്‍ കരുതുന്നു. എ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ കെസി ഗ്രൂപ്പാണെന്ന സംശയവും വിഡി പക്ഷത്തിനുണ്ട്.

കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ പരസ്യപ്രതികരണങ്ങളിലേക്ക് നീങ്ങുന്നത് ഒഴിവാക്കാന്‍ കെപിസിസി നേതൃത്വം ഇടപെട്ടിട്ടുണ്ട്. ആഭ്യന്തര വിഷയങ്ങളില്‍ തുടര്‍ പ്രതികരണങ്ങള്‍ നടത്തരുതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് നിര്‍ദേശം നല്‍കി. ഷാഫി പറമ്പിലും പരസ്യമായി മറുപടി നല്‍കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും യുഡിഎഫിലെ അസ്വാരസ്യങ്ങളും തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരും. പാര്‍ട്ടിയിലും മുന്നണിയിലും നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. പ്രശ്‌നങ്ങള്‍ അനാവശ്യമായി പെരുപ്പിച്ചുകാട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിഡി പക്ഷത്തിന്റെ വിലയിരുത്തല്‍. അതേസമയം, സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ വിവിധ ഗ്രൂപ്പുകളും മുന്നണി കക്ഷികളും മുന്നോട്ടുപോകുന്നത് നേതൃത്വത്തിന് വെല്ലുവിളിയാകുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.