
















കര്‍ണ്ണി സേനയുടെ നേതാക്കള്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്. മൂക്ക് മുറിക്കും, തലവെട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തി ഒരു അഭിനേത്രിയെ നിസാരമായി ഒതുക്കാമെന്ന് കരുതിയ സംഘടക്കാര്‍ക്ക് പക്ഷെ തെറ്റി. ഇത് സാക്ഷാല്‍ റാണി പദ്മാവതിയായി വേഷമിട്ട ദീപിക പദുക്കോണാണ്. ഭാരതത്തിലെ സ്ത്രീകളുടെ അഭിനമായ റാണി പദ്മിനിയെ അഭ്രപാളിയില്‍ അവതരിപ്പിക്കുന്ന ദീപിക തനിക്ക് ആരെയും ഭയമില്ലെന്ന് കൂടി ഓര്‍മ്മിപ്പിക്കുകയാണ്.
പദ്മാവത് ചിത്രത്തിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങളും ഭീഷണിയും നേരിട്ടു. എന്നാല്‍ അത് കൊണ്ടൊന്നും ഭയന്ന് പിന്‍മാറില്ല. മൂക്ക് മുറിക്കുമെന്നായിരുന്നു കര്‍ണ്ണി സേന ഭീഷണിപ്പെടുത്തിയത്. പക്ഷെ അത്തരം ഭയപ്പെടുത്തലുകള്‍ക്ക് താന്‍ വശംവദയാകാറില്ല. ഞാന്‍ ഭയരഹിതയാണ്. ചിത്രത്തിന്റെ സെറ്റില്‍ നടന്ന അക്രമണം വളരെ പൈശാചികമായിരുന്നു. ചിത്രം തല്‍ക്കാലത്തേക്ക് ചിത്രീകരണം നിര്‍ത്തിവെച്ചു. പിന്നീടും അക്രമണങ്ങള്‍ നടന്നു. പക്ഷെ ഞാന്‍ നിലകൊണ്ടത് കൂടുതല്‍ വലിയൊരു കാര്യത്തിന് വേണ്ടിയായിരുന്നു, ദീപിക വ്യക്തമാക്കുന്നു. 
14-ാം വയസ്സില്‍ തന്നെ അനാവശ്യമായി സ്പര്‍ശിച്ചവന്റെ കോളറിന് പിടിച്ച് അടിച്ച പാരമ്പര്യമുണ്ട്. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ഉറപ്പ് മാതാപിതാക്കള്‍ക്കുണ്ട്. സ്ത്രീത്വത്തിന്റെ വിജയമാണ് ചിത്രം ആഘോഷിക്കുന്നത്. തീവ്ര സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വരുന്നത് എന്തിനെന്ന് ദീപിക ചോദിക്കുന്നു. സ്വര ഭാസ്‌കറിന്റെ യോനി പ്രയോഗം ചിത്രത്തിന്റെ കാലഘട്ടം മനസ്സിലാക്കാതെയാണ്. ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് റാണി പദ്മാവത്, അത് തന്നെ വിട്ട് എളുപ്പം പോകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നായികാ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ പദ്മാവതില്‍ അഭിനയിക്കരുതെന്നായിരുന്നു രണ്‍വീറിനും, ഷാഹിദിനുമുള്ള ഉപദേശം. പക്ഷെ ആ ഉപദേശങ്ങള്‍ തള്ളി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായതോടെയാണ് പദ്മാവത് പൂര്‍ത്തിയായത്.