
















ഹണിമൂണ്‍ ആഘോഷത്തിനിടെ മേഘാലയയില്‍ വച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഭാര്യ സോനം രഘുവംശി ജയിലില്‍ നിന്ന് പുറത്തേക്ക്. രാജ്യത്ത് ഏറെ ചര്‍ച്ചയായ മേഘാലയ ഹണിമൂണ്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് സോനം. സംഭവം നടന്ന് 10 മാസത്തിന് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. ഭര്‍ത്താവ് രാജാ രഘുവംശിക്കൊപ്പം മേഘാലയയിലേക്ക് ഹണിമൂണിന് പോയ സോനം, അവിടെവെച്ച് കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ല്ലോങ്ങിലെ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതിന് മുന്‍പ് മൂന്ന് തവണ സോനത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുടുംബാംഗങ്ങള്‍ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ സോനം ജയിലില്‍ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ 10 മാസമായി സോനം ജയിലിലായിരുന്നു.
2025 മേയിലാണ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സില്‍ വെച്ച് രാജാ രഘുവംശി കൊല്ലപ്പെട്ടത്. ഭാര്യയ്ക്കൊപ്പം ഹണിമൂണിനെത്തിയ രാജയെ സൊഹ്റയില്‍ നിന്ന് കാണാതാവുകയായിരുന്നു. പിന്നീട് ഇവിടുത്തെ ഒരു കൊക്കയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വെച്ചാണ് സോനത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനായ രാജാ കുശ്വാഹുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് സോനത്തിനെതിരായ ആരോപണം. സോനത്തിന് ജാമ്യം ലഭിച്ചെങ്കിലും കാമുകന്‍ രാജാ കുശ്വാഹ് ഉള്‍പ്പെടെ കേസിലെ മറ്റ് മൂന്ന് പ്രതികളും ഇപ്പോഴും ജയിലിലാണ്.