CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 14 Minutes 54 Seconds Ago
Breaking Now

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ 'ഓപ്പറേഷന്‍ താമര'? 24 മണിക്കൂറായി ഫോണെടുക്കാതെ സച്ചിന്‍ പൈലറ്റ്; പിന്നില്‍ ബിജെപിയെന്ന് അശോക് ഘെലോട്ട് ക്യാമ്പ്

സച്ചിന്‍ പൈലറ്റ് ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായി അശോക് ഘെലോട്ട് വിഭാഗം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായുള്ള ആരോപണങ്ങളെ ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ വാക്‌പോര്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ചയിലാണെന്നാണ് മുഖ്യമന്ത്രി അശോക് ഘെലോട്ടിന്റെ അനുകൂലികള്‍ ആരോപിക്കുന്നത്. 

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ ഇരിക്കുന്ന തന്നെ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണെന്ന് സച്ചിന്‍ പൈലറ്റ് നേരത്തെ പരാതിപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സച്ചിന്‍ പൈലറ്റ് ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായി അശോക് ഘെലോട്ട് വിഭാഗം ആരോപിക്കുന്നത്. 

പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇരുനേതാക്കളുമായും ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അശോക് ഘെലോട്ടിനെയും, സച്ചിന്‍ പൈലറ്റിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോരില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് തങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് ബിജെപിയുടെ നിലപാട്. കൊറോണാവൈറസ് മഹാമാരി നേരിടുന്നതില്‍ ഘെലോട്ട് സര്‍ക്കാരിന് സംഭവിച്ച വീഴ്ചകളും മറക്കാനുള്ള ശ്രമങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് ബിജെപി വാദിക്കുന്നത്. 

അതേസമയം കഴിഞ്ഞ 24 മണിക്കൂറായി സച്ചിന്‍ പൈലറ്റ് ഫോണ്‍ എടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ എടുക്കാന്‍ മടി കാണിക്കാത്ത നേതാവിന്റെ ഈ ഇടവേളയ്ക്ക് പിന്നില്‍ എന്തോ മണക്കുന്നതായി രാജ്യതലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഇനി എത്ര എംഎല്‍എമാര്‍ പൈലറ്റിനൊപ്പം പറക്കുമെന്നാണ് കാണാനുള്ളതെന്ന് ഇവര്‍ പ്രവചിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.