CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 29 Seconds Ago
Breaking Now

കൊവിഡ് മരണങ്ങള്‍ കുറച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു, വാക്‌സിന്‍ വൈകുന്നു, കേസുകള്‍ കൂടിയപ്പോള്‍ ജനങ്ങളെ തുറന്നുവിട്ടു; ലോക്‌സഭയില്‍ കേന്ദ്രത്തെ അക്രമിച്ച് ശശി തരൂര്‍

കൊവിഡ്-19 വാക്‌സിന്‍ വികസിപ്പിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ കൊവിഡ്-19 കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്ത് പ്രതിപക്ഷം. രോഗത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാരിന്റെ മുഖം ഒളിച്ച് പിടിക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അക്രമത്തിന് തുടക്കമിട്ട് ചൂണ്ടിക്കാണിച്ചു. 

പ്രതിദിന കേസുകളിലും, മരണങ്ങളിലും ഇന്ത്യ ഏറ്റവും മുന്നിലെത്തിയ വഴിത്താരയും തരൂര്‍ തുറന്നുകാണിച്ചു. 'ഡബ്യുഎച്ച്ഒ കണക്ക് പ്രകാരം സെപ്റ്റംബര്‍ 19ന് ഇന്ത്യ 93,331 കേസുകളാണ് രേഖപ്പെടുത്തിയത്, യുഎസില്‍ 42,000 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ 800 മരണം സംഭവിച്ചപ്പോള്‍ ഇന്ത്യയില്‍ 2247 മരണങ്ങളും സംഭവിച്ചു. നമ്മള്‍ ജീവിക്കുന്ന സമയത്തിന്റെ വേദനാജനകമായ പ്രതിഫലനമാണിത്', അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു. ജനുവരിയില്‍ തന്നെ വുഹാനില്‍ നിന്നുള്ള വൈറസിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതാണ്. എന്നാല്‍ സര്‍ക്കാരിന് ദേശീയ താല്‍പര്യങ്ങളേക്കാള്‍ മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കൂടുതല്‍ താല്‍പര്യം കാണിച്ചത്. വൈറസിന്റെ വ്യാപനം തടയുന്നതില്‍ നിലവിലെ ഭരണനിര്‍വ്വഹണ രീതിയാണ് തടസ്സങ്ങള്‍ സൃഷ്ടിച്ചത്. ദുരന്തം കുരുക്ഷേത്രം പോലെയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മഹാഭാരതം വിജയം നേടാന്‍ 18 ദിവസം വേണ്ടിവന്നെങ്കില്‍ കൊവിഡിന് 21 ദിവസം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ 108 ദിവസം കഴിഞ്ഞപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കേസുകളാണ് നമ്മുടേത്, ഒന്നാം സ്ഥാനത്തേക്ക് നീങ്ങുകയാണ്, തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

കേസുകള്‍ കുതിക്കുമ്പോള്‍ സര്‍ക്കാര്‍ രാജ്യം അണ്‍ലോക്ക് ചെയ്യുന്നത് തുടരുകയാണ്. 564 കേസുകള്‍ ഉള്ളപ്പോഴാണ് ലോക്ക്ഡൗണ്‍ നടപ്പാക്കിയത്, 54 ലക്ഷം കേസുകളിലേക്ക് അടുക്കുമ്പോഴാമ് ഇത് നീക്കുന്നത്, 20 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ തരൂര്‍ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങളും, കൊവിഡ് മരണങ്ങളിലെ റിപ്പോര്‍ട്ടിംഗും, കൊവിഡ് വാക്‌സിനും സംബന്ധിച്ചും പ്രതിപക്ഷം ചോദ്യങ്ങള്‍ ഉയര്‍ത്തി. 

കൊവിഡ്-19 വാക്‌സിന്‍ വികസിപ്പിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ മറുപടിയില്‍ വ്യക്തമാക്കി. 3 വാക്‌സിനുകളാണ് ക്ലിനിക്കല്‍ ട്രയല്‍സിലുള്ളത്. 6.37 കോടി ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. ലോകാരോഗ്യ സംഘടന കൊറോണാവൈറസ് അന്താരാഷ്ട്ര പ്രശ്‌നമാണെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജനുവരി 8ന് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു, ജനുവരി 17ന് തന്നെ സംസ്ഥാനങ്ങള്‍ക്ക് അഡൈ്വസറിയും അയച്ചിരുന്നു, വര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.