ഇസ്ലാമിനെക്കുറിച്ചും, അതിലെ തീവ്രവാദത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കിയതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് എതിരെ നടക്കുന്ന വ്യക്തിപരമായ അക്രമങ്ങളെ അപലപിച്ച് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മാക്രോണിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും, അക്രമങ്ങള്‍ അന്താരാഷ്ട്ര രീതികളുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇന്ത്യ വ്യക്തമാക്കി.
പൊതുജനമധ്യത്തില്‍ ഒരു ഫ്രഞ്ച് അധ്യാപകന്റെ തലയറുത്ത ക്രൂരമായ ഭീകരാക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഏത് കാരണത്താലും, ഏത് സാഹചര്യത്തിലും തീവ്രവാദത്തിന് ന്യായം പറയാന്‍ കഴിയില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മാക്രോണിന്റെ നിലപാടിന് എതിരെ നിരവധി മുസ്ലീം രാജ്യങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പിന്തുണ പ്രസിഡന്റിനെ തേടിയെത്തുന്നത്.
ഫ്രഞ്ച് അധ്യാപകന്റെ ജീവനെടുത്ത ഭീകരാക്രമണം ലോകത്തെ ഞെട്ടിച്ചതാണ്. ആ കുടുംബത്തിനും, ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അനുശോചനങ്ങള്‍, ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ നന്ദി അറിയിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായിന്‍ രംഗത്തെത്തി. തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കുമെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ക്ലാസില്‍ കാണിച്ചതിന്റെ പേരിലാണ് അധ്യാപകന്‍ സാമുവല്‍ പാറ്റിയെ പാരീസില്‍ പട്ടാപ്പകല്‍ തലയറുത്ത് കൊന്നത്. ഈ സംഭവത്തിലാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെ മാക്രോണ്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചത്. ഇസ്ലാം മതം പ്രതിസന്ധി നേരിടുകയാണെന്ന മാക്രോണിന്റെ വാക്കുകള്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നുമില്ല.