CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 7 Seconds Ago
Breaking Now

വീണ്ടും എണ്ണിയിട്ടും ട്രംപ് തോറ്റു; ബൈഡന്റ് വിജയം സ്ഥിരീകരിച്ച് ജോര്‍ജ്ജിയ; പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങളുടെ മുനയൊടിഞ്ഞു; 'തട്ടിയെടുക്കല്‍ അവസാനിപ്പിക്കണമെന്ന്' ആവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍ തെരുവില്‍

താന്‍ തോറ്റ സ്‌റ്റേറ്റുകളിലെല്ലാം വ്യാപകമായ തട്ടിപ്പുകള്‍ അരങ്ങേറിയെന്നാണ് തെളിവുകള്‍ ഇല്ലാതെ പ്രസിഡന്റ് വാദിച്ചിരുന്നത്

തോറ്റിട്ടും മതിവരാത്ത ഡൊണാള്‍ഡ് ട്രംപിന് പുതിയ തിരിച്ചടി നല്‍കി ജോര്‍ജ്ജിയ. ട്രംപിന്റെ ആരോപണങ്ങളെ തുടര്‍ന്ന് രണ്ടാമതും വോട്ടെണ്ണിയ ജോര്‍ജ്ജിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയിച്ചെന്ന് സ്‌റ്റേറ്റ് സ്ഥിരീകരിച്ചതോടെയാണ് പ്രസിഡന്റിന്റെ മോഹങ്ങള്‍ തകര്‍ന്നത്. സ്‌റ്റേറ്റില്‍ ബാലറ്റുകളുടെ ഹാന്‍ഡ് ഓഡിറ്റ് പൂര്‍ത്തിയായതായി ജോര്‍ജ്ജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്‌പെര്‍ജര്‍ അറിയിച്ചു. കൂടാതെ നവംബര്‍ 3ന് നടന്ന തെരഞ്ഞെടുപ്പിലെ വിജയി ബൈഡന്‍ തന്നെയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 

അനൗദ്യോഗിക ഫലങ്ങളില്‍ ബൈഡന് ട്രംപിനെക്കാള്‍ 14,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമായതോടെയാണ് ഓഡിറ്റ് നടത്തിയത്. എന്നാല്‍ ജോര്‍ജ്ജിയയിലെ 16 ഇലക്ടറല്‍ കോളേജ് വോട്ടുകളിലും ജോ ബൈഡന്‍ വിജയിച്ചെന്ന് ഔദ്യോഗികമായി സര്‍ട്ടിഫൈ ചെയ്യാന്‍ ഒരുങ്ങിയതോടെ പ്രസിഡന്റ് ട്രംപിന്റെ അനുകൂലികള്‍ ജോര്‍ജ്ജിയയുടെ സ്‌റ്റേറ്റ് ക്യാപിറ്റോൡ ഒത്തുകൂടി 'തട്ടിയെടുക്കല്‍ അവസാനിപ്പിക്കണമെന്ന' ആവശ്യവുമായി റാലി സംഘടിപ്പിച്ചു. 

ഒറിജിനല്‍ മെഷീന്‍ കൗണ്ട് തെരഞ്ഞെടുപ്പിലെ വിജയിയെ കണ്ടെത്തിയതായി ഓഡിറ്റ് സ്ഥിരീകരിച്ചു, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസ് വ്യക്തമാക്കി. വെള്ളിയാഴ്ച ബൈഡന്റെ വിജയം റാഫെന്‍സ്‌പെര്‍ജര്‍ ഔദ്യോഗികമായി സര്‍ട്ടിഫൈ ചെയ്യുമെന്നാണ് കരുതുന്നത്. ജോര്‍ജ്ജിയ ഉള്‍പ്പെടെ ബൈഡനോട് താന്‍ തോറ്റ സ്‌റ്റേറ്റുകളിലെല്ലാം വ്യാപകമായ തട്ടിപ്പുകള്‍ അരങ്ങേറിയെന്നാണ് തെളിവുകള്‍ ഇല്ലാതെ പ്രസിഡന്റ് വാദിച്ചിരുന്നത്. ജോര്‍ജ്ജിയയില്‍ ഫലങ്ങള്‍ സര്‍ട്ടിഫൈ ചെയ്താലും ട്രംപിന് വീണ്ടുമൊരു വോട്ടെണ്ണലിന് ആവശ്യപ്പെടാം, ഇവിടെ മാര്‍ജ്ജിന്‍ 0.5 ശതമാനത്തില്‍ താഴെയാണ്. 

മാര്‍ജ്ജിനില്‍ നേരിയ വ്യത്യാസം മാത്രമുള്ളതിനാല്‍ കൈ കൊണ്ട് ബാലറ്റ് എണ്ണുന്നത് സുപ്രധാനമാണെന്ന് ജോര്‍ജ്ജിയ സ്‌റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. മറ്റ് പല സ്ഥലങ്ങളിലും കൈകൊണ്ട് എണ്ണിയപ്പോള്‍ മുന്‍പ് ഉള്‍പ്പെടാതിരുന്ന വോട്ടുകള്‍ കണ്ടെത്തി. എന്നാല്‍ ട്രംപും അദ്ദേഹത്തിന്റെ അനുകൂലികളും ഈ വാദങ്ങളൊന്നും മുഖവിലയ്ക്ക് എടുക്കാതെ ആരോപണങ്ങള്‍ തുടരുകയാണ്. കോടതിയില്‍ കാണാമെന്ന പ്രസിഡന്റിന്റെ നിലപാടും വെല്ലുവിളി നേരിടുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.