Breaking Now

സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ്‌നു വിര്‍ച്വല്‍ എ ജി എമ്മിലൂടെ നവനേതൃത്വം; ടോമിവർക്കി പ്രസിഡണ്ട്, ബേസിൽജോൺ സെക്രട്ടറി.

യു.കെയില്‍ എക്കാലത്തെയും വേറിട്ട മലയാളി കൂട്ടായ്മയായ സഹൃദയ  ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന്റെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ്  ശ്രീ മജോ തോമസിന്റെ അദ്ധ്യക്ഷതയില്‍ 27/2/2021 ശനിയാഴ്ച വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ പ്രസ്തുത യോഗത്തില്‍ വച്ച് 202122 ലേക്കുള്ള ഭരണസമിതിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. 

പതിനാലാം വര്‍ഷത്തിലേക്ക് കടന്ന സഹൃദയയുടെ നേതൃത്വത്തിലേക്ക് ശ്രീ. ടോമി വര്‍ക്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി സിനിയ ജേക്കബ് (വൈസ് പ്രസിഡന്റ്), ശ്രീ. ബേസില്‍ ജോണ്‍ (സെക്രട്ടറി), ശ്രീ. ലാബു ബാഹുലേയന്‍ (ജോ. സെക്രട്ടറി), ശ്രീ മോസു ബാബു (ട്രഷറര്‍), ശ്രീ ധനേഷ് ബാലചന്ദ്രന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഈ ഭരണസമിതിയിലെ മറ്റു ഭാരവാഹികള്‍. കൂടാതെ ഈ വര്‍ഷത്തെ സഹൃദയയുടെ സുഗമമായ പ്രവര്‍ത്തങ്ങള്‍ക്കായി പതിമൂന്നംഗങ്ങള്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും  തിരഞ്ഞെടുത്തു. (ബ്ലെസ്സന്‍ സാബു, ബിന്റോ ബാബു, മിത്ര മിഥുന്‍, ബിനു മാത്യു, അജിത് വെണ്‍മണി, ബിബിന്‍ എബ്രഹാം, സജിമോന്‍ ജോസ്, ആല്‍ബര്‍ട്ട് ജോര്‍ജ്, ജോഷി സിറിയക്, ജയ്‌സന്‍ ജോര്‍ജ്, വിജു വര്‍ഗ്ഗീസ്, ജേക്കബ് കോയിപ്പളളി, മജോ തോമസ്). ഓഡിറ്റേഴ്‌സ് ആയി ബിജു ചെറിയാന്‍, സതീഷ് കമ്പറത്ത്, നാരായണ്‍ പഞ്ചപകേശന്‍ എന്നിവരേയും തിരഞ്ഞെടുത്തു.

മലയാള നാടിന്റെ സംസ്‌കാരവും പൈതൃകവും ഉള്‍ക്കൊണ്ട്, പരസ്പര സ്‌നേഹവും  സഹകരണവും മുഖമുദ്രയാക്കി, സഹൃദയ അനുദിനം വളരുകയാണെന്നും, ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ ഈ മഹാമാരിക്കാലത്തും, സഹൃദയയക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന്  അംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

മഹാമാരിക്ക് തൊട്ടു മുന്‍പായി അന്തര്‍ദേശീയ മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് 'കട്ടനും കപ്പയും പിന്നെ കവിതയും' എന്ന കൂട്ടായ്മയോട് കൂടി ആരംഭിച്ച കഴിഞ്ഞ ഭരണസമിതിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇപ്രകാരമാണ്. വിമണ്‍സ് & മദേഴ്‌സ് ഡേയോടനുബന്ധിച്ച് പുറത്തിറക്കിയ തണലും താരാട്ടും എന്ന ഇമാഗസിന്‍, ലോക പുസ്തകദിനത്തോടനുബന്ധിച്ച് പുസ്തക ഡൊണേഷന്‍, കോവിഡ് മഹാമാരിയാല്‍ ഇരുട്ടിലായ ലോകത്ത് വെളിച്ചം ആശംസിച്ച് സഹൃദയ കുടുംബം ഒരുക്കിയ സംഗീതവിരുന്ന്,  സഹജീവികളില്‍ ആത്മധൈര്യം വളര്‍ത്തിയ കോവിഡ് റെസ്‌പോണ്‍സ് ടീം, വനിതകള്‍ക്കായി വെര്‍ച്വല്‍ യോഗ ക്ലാസ്സുകള്‍, വീട്ടില്‍ ഇരുന്നുള്ള മാസ്‌ക് നിര്‍മ്മാണം,  350 ലധികം ഓണസദ്യ തയ്യാറാക്കി എല്ലാ അംഗങ്ങളുടേയും വീടുകളില്‍ എത്തിച്ചതും, ഓണപ്പാട്ട് മല്‍സരവും, സ്വാതന്ത്ര്യദിന ആഘോഷവും, കായികദിനവും മുടക്കം കൂടാതെ നടത്തിയതും അങ്ങേയറ്റം ശ്ലാഖനീയമായിരുന്നു. കൂടാതെ ഇംഗ്ലണ്ട് & വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തു കൊണ്ടുള്ള 'സഹൃദയ റോയല്‍സ് ക്രിക്കറ്റ് ക്ലബ്ബിനു തുടക്കം കുറിച്ചതും, അതിനു വെബ്‌സൈറ്റ് നിര്‍മ്മിച്ചതും (www.sahrudayaroyalscc.co.uk) സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണെങ്കിലും ആവേശം തെല്ലും ചോരാതെ നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റും, ക്രിസ്തുമസിനോടനുബന്ധിച്ച് എല്ലാ അംഗങ്ങള്‍ക്കും വീടുകളില്‍ എത്തിച്ചു നല്‍കിയ ക്രിസ്തുമസ് ഗിഫ്റ്റ് ഹാമ്പര്‍, കുട്ടികള്‍ക്കുള്ള മലയാളം ക്ലാസ്സുകള്‍ മുടക്കം വരാതെ  ഓണ്‍ലൈനില്‍ നടത്താനായതും, ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാമുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, 'സഹൃദയ ജ്വാല' എന്ന ഇമാഗസിന്‍ എന്നിവയും സഹൃദയയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടങ്ങളായിരുന്നു.

പ്രസ്തുത യോഗത്തില്‍ സെക്രട്ടറി ശ്രീ. ബേസില്‍ ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും,  ട്രഷറര്‍ ശ്രീ. ടോമി വര്‍ക്കി വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു.  പുതിയ ഭരണസമിതി അംഗങ്ങള്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിച്ചും മുന്‍ സമിതിയംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടും, ദേശീയഗാനത്തോടെ യോഗം അവസാനിച്ചു. 

സഹൃദയ അഭിമാനപുരസരം പുറത്തിറക്കിയ സഹൃദയ ജ്വാല ഇമാഗസിന്‍ വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.

https://online.fliphtml5.com/ddfdw/nisa/#p=1 

വാർത്ത: ബിബിൻ എബ്രഹാം.
കൂടുതല്‍വാര്‍ത്തകള്‍.